പാലക്കാട്: മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അധ്യാപകന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പൊലിസ് കണ്ടെത്തി. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെയടക്കം ദൃശ്യങ്ങളാണ് അധ്യാപകന്റെ ഫോണില്‍ നിന്നും കണ്ടെത്തിയത്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, അധ്യാപകന്‍ മോശമായി പെരുമാറിയെന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൗണ്‍സിലിങിനിടെയാണ് കുട്ടികള്‍ ഇക്കാര്യം തുറന്നുപറഞ്ഞത.് ഇതോടെ അറസ്റ്റിലായ കൊല്ലങ്കോട് സ്വദേശി എല്‍ അനിലിനെതിരെ വ്യാഴാഴ്ച്ച മലമ്പുഴ പൊലിസ് അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. സ്‌കൂളില്‍ വച്ച് ലൈംഗിക അതിക്രമം നടന്നുവെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. ചില കുട്ടികളെ അധ്യാപകന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചതായും മൊഴി നല്‍കിയിട്ടുണ്ട്. സി.ഡബ്ല്യു.സിയുടെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. ആദ്യഘട്ടത്തില്‍ കൗണ്‍സിലിങ് നല്‍കിയ അഞ്ച് വിദ്യാര്‍ത്ഥികളാണ് മൊഴി നല്‍കിയത്. യുപി ക്ലാസുകളിലെ ആണ്‍കുട്ടികളാണ് അധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സി.ഡബ്ല്യു.സിയുടെ കൗണ്‍സിലിങ്ങ് തുടരും. ഡിസംബര്‍ 18നാണ് അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച വിവരം വിദ്യാര്‍ഥി സഹപാഠിയോട് തുറന്നുപറഞ്ഞത്. അന്നുതന്നെ സ്‌കൂള്‍ അധികൃതര്‍ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19ന് അധ്യാപകനെതിരേ നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍, സംഭവം പൊലിസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാന്‍ വൈകിയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പീഡനവിവരം മറച്ചുവച്ചതിനും അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമടക്കം സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയുണ്ടാകും. മലമ്പുഴ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ കൊല്ലങ്കോട് സ്വദേശി അനില്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സ്‌പെഷല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്‌സോ വകുപ്പിന് പുറമെ പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.







