തിരഞ്ഞെടുപ്പിൽ മത്സര സന്നദ്ധത അറിയിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കും. പാലക്കാട് കെ സുരേന്ദ്രൻ ബി ജെ പി സ്ഥാനാർത്ഥിയാകുന്നത് ഏറെ സന്തോഷം. ബി ജെ പി ശക്തി തെളിയിക്കാനാകുമോ എന്ന് സുരേന്ദ്രൻ കാണിക്കട്ടെ.സുരേന്ദ്രൻ മത്സരിച്ചാൽ പാലക്കാട് മൂന്നാം സ്ഥാനത്തെത്തും. തൃശൂർ വൈകാരികമായി അടുപ്പമുള്ള സ്ഥലമാണ്. അവിടെ ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം ഉണ്ടാവുമെന്ന സൂചനകൾക്കിടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.അതേസമയം യുഎഡിഎഫിനായി ആറന്മുള മണ്ഡലത്തിലേക്ക് മത്സരിക്കാൻ അബിൻ വർക്കിക്കാണ് സാധ്യത. റാന്നിയിലേക്കും അബിൻ വർക്കിയുടെ പേര് ഉയർന്നു കേൾക്കുന്നു. റാന്നി സീറ്റ് വെച്ചു മാറിയാൽ അബിൻ ആറന്മുളയിൽ മത്സരിക്കും.റാന്നിയിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് പഴകുളം മധുവും രംഗത്തെത്തി. കോന്നിയിൽ അടൂർ പ്രകാശോ ഡിസിസി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിലോ സ്ഥാനാർത്ഥിയാകാനാണ് സാധ്യത. തിരുവല്ലയിൽ കേരള കോൺഗ്രസിന്റെ വർഗീസ് മാമനും സ്ഥാനാർത്ഥിയായേക്കും.യുഡിഎഫിന്റെ ജില്ലാ ചെയർമാൻ ആണ് വർഗീസ് മാമൻ. പിജെ കുര്യനും മത്സരരംഗത്തേക്ക് വരണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ പിജെ ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. അതേസമയം ആറന്മുളയിൽ സിപിഐഎമ്മിനായി വീണാജോർജും കോന്നിയിൽ കെ.യു. ജനീഷ്‌കുമാറും വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചന.നിലവിലെ സാഹചര്യത്തിൽ രണ്ട് മണ്ഡലങ്ങളിലും മാറ്റമൊന്നുമില്ലെന്നും ഇരുവർക്കും സീറ്റ് കിട്ടാനാണ് സാധ്യതയെന്നും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഇന്നലെ വ്യക്തമാക്കിയിരുന്നു.ആറന്മുളയിലും കോന്നിയിലും നിലവിലെ സാഹചര്യത്തിൽ മാറ്റമില്ല. തീർച്ചയായും അവർക്കുതന്നെ സീറ്റ് കിട്ടാനാണ് സാധ്യത. മാറ്റമൊന്നും കേട്ടിട്ടില്ല. എൽഡിഎഫാണ് ആലോചിക്കേണ്ടത്. പാർട്ടികളുടെ നിലപാടും നിർണായകമാണ്. പുതുതായി ആരെങ്കിലും വരികയാണെങ്കിൽ അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു.











