പൊന്നാനി:കർമ പാലത്തിനു സമീപം വാട്ടർ ഡാൻസും അലങ്കാര വിളക്കുകളും ചിൽഡ്രൻസ് പാർക്കും ഉൾക്കൊള്ളുന്ന മനോഹരമായ പാർക്ക് വരുന്നു. കനോലി കനാലിനു സമീപത്തെ നഗരസഭാ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്.കേന്ദ്ര അമൃത് മിഷൻ അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് സമീപത്തെ കുളം നവീകരണം ഉൾപ്പെടെ ഉൾക്കൊള്ളിച്ച് പാർക്ക് നിർമിക്കുന്നത്.പാർക്കിന്റെ ഭാഗമായി കുളം ഉപയോഗപ്പെടുത്തും.രാത്രിയിൽ വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ ഉപയോഗപ്പെടുത്തി വാട്ടർ ഡാൻസ് സംവിധാനം ഒരുക്കും.പുഴയോരം ടൂറിസം കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.നഗരസഭയുടെ നേതൃത്വത്തിൽ ഡിപിആർ തയാറാക്കി വരികയാണ്. ഒരു കോടി രൂപയിൽ 12 % നഗരസഭാ വിഹിതമാണ്.ദിവസവും നൂറുകണക്കിന് ആളുകളെത്തുന്ന കർമ റോഡിലും പാലത്തിനു സമീപവുമെല്ലാം ടൂറിസം പദ്ധതികൾ നടപ്പാക്കുന്നത് വലിയ വികസന മാറ്റങ്ങൾക്കാണ് വഴിയൊരുക്കുക. 5 കിലോമീറ്ററിലധികം നീളുന്ന ഭാരതപ്പുഴയോര പാത സംസ്ഥാനത്തെ പ്രധാന ടൂറിസം സ്പോട്ടായി മാറുമെന്നാണ് പ്രതീക്ഷ.