എറണാകുളം വടക്കന്‍ പറവൂരില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവെന്നാണ് ബന്ധുക്കളുടെ ആരോപണം. പറവൂര്‍ പട്ടണം സ്വദേശി കാവ്യയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു
ഇന്നലെ വൈകീട്ടാണ് കാവ്യ മരണപ്പെടുന്നത്. ഡിസംബര്‍ 24-ാം തിയതിയാണ് പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ കാവ്യയെ രണ്ടാമത്തെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തത്. കാവ്യയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രസവത്തിന് പിന്നാലെ കാവ്യയ്ക്ക് വലിയ രീതിയില്‍ രക്തസ്രാവമുണ്ടായി. അന്ന് വൈകുന്നേരത്തോടെ കാവ്യയ്ക്ക് ഹൃദയാഘാതവുമുണ്ടായി. പിന്നീട് കാവ്യയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയുടെ ഗര്‍ഭപാത്രം നീക്കിയിരുന്നു. എന്നാല്‍ കാവ്യ വെന്റിലേറ്ററിലാണെന്നോ കാര്യങ്ങള്‍ ഇത്രയും ഗുരുതരമാണെന്നോ വ്യക്തമായി തങ്ങളോട് ആശുപത്രി അധികൃതര്‍ പറഞ്ഞില്ലെന്നാണ് ബന്ധുക്കളുടെ മറ്റൊരു ആരോപണം. കാവ്യയെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുവെങ്കിലും ആ ആശുപത്രിയിലെത്തിയപ്പോഴേക്കും ജീവന്‍ നഷ്ടമാകുകയായിരുന്നു. തങ്ങളുടെ ഭാഗത്തുനിന്ന് പിഴവുണ്ടായിട്ടില്ലെന്നും അപൂര്‍വമായി ഇങ്ങനെ അമിത രക്തസ്രാവമുണ്ടാകാറുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പൊലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.







