കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടെ കേരളത്തിന് നഷ്ടമായത് 775 മത്സ്യത്തൊഴിലാളികളുടെ ജീവനുകളെന്ന് റിപ്പോര്‍ട്ട്. 2011 ഏപ്രില്‍ മുതല്‍ 2024 ജൂലൈ വരെയുള്ള കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. ഇക്കാലയളവില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടങ്ങളില്‍പ്പെട്ട് 113 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. വിവരാകാശ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.13 വര്‍ഷത്തിനിടെ 3,082 മത്സ്യബന്ധന ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരണപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബങ്ങള്‍ക്ക് 39.34 കോടിരൂപയോളമാണ് നഷ്ടപരിഹാരമായി നല്‍കിയത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസും കേരള മത്സ്യത്തൊഴിലാളി ക്ഷേമ ഫണ്ട് ബോര്‍ഡും ചേര്‍ന്നാണ് നഷ്ടപരിഹാരത്തുക കുടുംബങ്ങള്‍ക്ക് കൈമാറിയത്. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാല നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ മരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്തെ 392 മത്സ്യത്തൊഴിലാളികളാണ് മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടങ്ങളില്‍പ്പെട്ട് മരിച്ചത്. ജില്ലയിലെ 102 പേരെയാണ് ഇക്കാലയളവില്‍ കാണാതായത്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് കോഴിക്കോട് ആണ്. കോഴിക്കോടുള്ള 155 മത്സ്യത്തൊഴിലാളികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. നാലുപേരെ കാണാതാകുകയും ചെയ്തു.ഇക്കാലയളവില്‍ എറണാകുളം ജില്ലയിലെ 77 മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. ഒരാളെ കാണാതാകുകയും ചെയ്തു. ആലപ്പുഴയില്‍ 68 മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. കണ്ണൂരില്‍ 64 പേരും മലപ്പുറത്ത് 19 മത്സ്യത്തൊഴിലാളികളും മരിച്ചു. കൊല്ലം, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെയും കാണാതായവരുടെയും വിവരങ്ങള്‍ ലഭ്യമല്ല.ഈ പതിമൂന്ന് വര്‍ഷത്തിനിടെ തിരുവനന്തപുരം ജില്ലയിലെ 978 മത്സ്യബന്ധന ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളം ജില്ലയിലെ 832 ബോട്ടുകളും കൊല്ലം ജില്ലയിലെ 407 ബോട്ടുകളും കോഴിക്കോട് ജില്ലയിലെ 324 ബോട്ടുകളും അപകടത്തില്‍പ്പെട്ടു. ആലപ്പുഴയില്‍ 309, കണ്ണൂരില്‍ 141, തൃശൂരില്‍ 118, കാസര്‍ഗോഡ് 73 ബോട്ടുകളാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ടത്.2017ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റ് വീശിയടിച്ച സമയമായിരുന്നു അത്. അന്ന് 159 പേരാണ് മരണത്തിന് കീഴടങ്ങിയത്. 2016ല്‍ 54 പേരും, 2014 ല്‍ 38 പേരും, 2015ല്‍ 33 പേരുമാണ് മരിച്ചത്. 2023ല്‍ മത്സ്യബന്ധനത്തിനിടെയുണ്ടായ വിവിധ അപകടങ്ങളിലായി 22 പേരാണ് മരിച്ചത്.