തിരുവനന്തപുരം/ ന്യൂഡല്‍ഹി: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അനുമതി നിഷേധിച്ച 19-ല്‍ 15 സിനിമകളുടെ വിലക്ക് പിന്‍വലിച്ച് കേന്ദ്രം. നാലു സിനിമകള്‍ക്കുള്ള വിലക്ക് തുടരും. ‘ബീഫ്’, ‘ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍’, ‘പലസ്തീന്‍ 36′ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ചു.സ്‌ക്രീനിങ് ഇല്ലാത്ത സമയങ്ങളില്‍ ചിത്രങ്ങള്‍ റീ ഷെഡ്യൂള്‍ ചെയ്ത് പ്രദര്‍ശിപ്പിക്കാനാണ് സംഘാടകരുടെ ശ്രമം. ഡെലിഗേറ്റുകളെ മെസേജുവഴി വിവരം അറിയിക്കും. അഞ്ച് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചത് വിദേശകാര്യമന്ത്രാലയമാണെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. സിനിമ നിര്‍മിച്ച രാജ്യവുമായുള്ള ബന്ധം വഷളാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. പ്രദര്‍ശിപ്പിച്ചാല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും മന്ത്രാലയം വ്യക്തമാക്കി.’ക്ലാഷ്’, ‘ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്’, ‘ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യു’, ‘എ പോയറ്റ്: അണ്‍ കണ്‍സീല്‍ഡ് പോയട്രി’, ‘യെസ്’ എന്നീ സിനിമകള്‍ക്കാണ് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ച സിനിമകള്‍ ഏകപക്ഷീയമായി പ്രദര്‍ശിപ്പിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കും. ഭാവിയില്‍ ആ രാജ്യങ്ങളില്‍ മലയാളികളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായാല്‍ ഇടപെടുന്നതിന് പരിമിതികളുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചതായും വിവരമുണ്ട്.അതേസമയം, സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കാനുള്ള കാരണം ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തുനിന്നുള്ള പിഴവാണെന്ന ആരോപണവുമായി ചലച്ചിത്ര പ്രവര്‍ത്തക ദീപിക സുശീലന്‍ രംഗത്തെത്തി. കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിന് വൈകിയാണ് അപേക്ഷ നല്‍കിയതെന്ന് അവര്‍ ആരോപിച്ചു. നവംബര്‍ ആദ്യവാരം നല്‍കേണ്ടിയിരുന്ന അപേക്ഷ ഡിസംബറില്‍ മാത്രമാണ് നല്‍കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി. 2022 ഐഎഫ്എഫ്‌കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായിരുന്നു ദീപിക സുശീലന്‍.ദീപികയുടേത് പ്രതിസന്ധി ഘട്ടത്തില്‍ കുത്തിനോവിക്കുന്ന നിലപാടാണെന്ന് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സന്തോഷ് കീഴാറ്റൂര്‍ മറുപടി നല്‍കി. എല്ലാ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്കും അക്കാദമിക്ക് മറുപടി നല്‍കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.











