ചങ്ങരംകുളം:മൂക്കുതല ചേലക്കടവില്‍ കാണാതായ വയോദികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചേലക്കടവ് പാലേങ്ങപ്പാടത്ത് വാടകക്ക് താമസിച്ചിരുന്ന ഏരംമംഗലം സ്വദേശി പരേതനായ റഹീമിന്റെ ഭാര്യ പള്ളിപ്പാട്ടില്‍ കുഞ്ഞിമോള്‍(75)ആണ് മരിച്ചത്.
വ്യാഴാഴ്ച കാലത്ത് പത്തരയോടെ മകനും ഭാര്യയും വോട്ട് ചെയ്യുന്നതിനായി തൊട്ടടുത്ത് സ്കൂളില്‍ പോയി തിരിച്ച് വന്നതോടെ കുഞിമോളെ കാണാതാവുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് സമീപത്ത് തിരയുന്നതിനിടെയാണ് ഉച്ചക്ക് ഒരു മണിയോടെ സമീപത്തെ വീട്ടുകിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തില്‍ പോലീസും പൊന്നാനി ഫയര്‍ഫോഴ്സും ചേര്‍ന്ന് മൃതദേഹം കിണറ്റില്‍ നിന്ന് കയറ്റി ചങ്ങരംകുളത്ത് സണ്‍റൈസ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും






