ലൈംഗികതിക്രമം ഭ്രൂണഹത്യാ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം. ഇപ്പോഴും രാഹുല്‍ സംസ്ഥാനം കടന്നോ എന്നതിലും വ്യക്തതയില്ല. കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും, ജില്ലാതലങ്ങളില്‍ അന്വേഷിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശം.
രാഹുലിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ചയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുക.
അതേസമയം, സൈബര്‍ അധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡില്‍ വിട്ടത്. പ്രതി സമാന കുറ്റകൃത്യം മുന്‍പും ചെയ്തയാളെന്ന് സൂചിപ്പിച്ചാണ് പ്രോസിക്യൂഷന്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യത്തെ എതിര്‍ത്തത്. എന്നാല്‍ പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നും ജയിലില്‍ നിരാഹാരം ഇരിക്കുമെന്നുമാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. രാഹുല്‍ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരെ കൂടുതല്‍ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ധാരണയായി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവിന് ശേഷം തീരുമാനിക്കാം എന്നാണ് ധാരണ. പ്രധാന നേതാക്കള്‍ക്കിടയില്‍ നടന്ന കൂടിയാലോചനയിലാണ് തീരുമാനം. പീഡന പരാതിയില്‍ അറസ്റ്റ് ഉണ്ടായാല്‍ രാഹുലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കും.











