തിരുവനന്തപുരം∙ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർജാമ്യ ഹർജി ഡിസംബർ മൂന്നിനു പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് യുവതിയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നത്. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്നലെ യുവതിയുടെ രഹസ്യ മൊഴിയെടുത്തിരുന്നു. ലൈംഗിക പീഡന പരാതിയിൽ ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം എന്നിവയടക്കമുള്ള കുറ്റങ്ങൾക്കു കേസെടുത്ത് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്കു കടന്നിരിക്കുകയാണ് പൊലീസ്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്നതടക്കം 7 വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. രാഹുൽ എവിടെയാണെന്നു കണ്ടെത്താനായിട്ടില്ല. രാഹുലിന്റെ കാർ പാലക്കാട്ടെ ഫ്ലാറ്റിലുണ്ട്. ഫോണിൽ കിട്ടുന്നില്ല. രാഹുൽ വിദേശത്തേക്കു കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് തിരച്ചിൽ നോട്ടിസ് കൈമാറി.ലൈംഗികപീഡനവും ഭീഷണിയുമുണ്ടായെന്നും ഗർഭഛിദ്രത്തിനു പ്രേരിപ്പിച്ചെന്നും യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഗർഭഛിദ്രത്തിനുള്ള ഗുളിക യുവതിക്കു നൽകിയതിന് രാഹുലിന്റെ സുഹൃത്ത് പത്തനംതിട്ട സ്വദേശി ജോബി ജോസഫിനെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. ഇക്കൊല്ലം മാർച്ച് മുതൽ മേയ് വരെ തിരുവനന്തപുരത്തും പാലക്കാട്ടുമായി നാലിടങ്ങളിൽ ലൈംഗിക പീഡനത്തിനിരയായെന്നാണ് 20 പേജുള്ള മൊഴിയിലുള്ളത്.











