പാലക്കാട്: തനിക്കെതിരായി പുറത്തുവന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. മൂന്നുമാസമായി ഒരേകാര്യംതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പുതുതായിട്ട് ഒന്നും പുറത്തുവന്ന സന്ദേശത്തിൽ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നടക്കട്ടെ, ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. പുറത്തുവന്ന ശബ്ദസന്ദേശം സംബന്ധിച്ച ചോദ്യത്തോട് ‘അതിൽ എന്തിരിക്കുന്നു?’ എന്നായിരുന്നു രാഹുലിന്റെ മറുചോദ്യം. സമയമാകുമ്പോൾ താൻ തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും രാഹുൽ പറഞ്ഞു.ശബ്ദ സംഭാഷണത്തിൽ ഗർഭഛിദ്രം സംബന്ധിച്ചുള്ള സംഭാഷണത്തേക്കുറിച്ചുള്ള ചോദ്യത്തിന്- “ഇതുതന്നെയല്ലെ തിരിച്ചും മറിച്ചും കഴിഞ്ഞ മൂന്നുമാസമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. പുതിയതായിട്ട് ഒന്നും പറഞ്ഞില്ലല്ലോ. മൂന്ന് മാസമായി ഞാൻ പറയുന്ന കാര്യങ്ങളെ എനിക്ക് ഇന്നും പറയാനുള്ളൂ. അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കും. അന്വേഷണം മുന്നോട്ടു പോയതിനുശേഷം അതിന്റെ ഒരു ഘട്ടം കഴിയുമ്പോൾ എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു തുടങ്ങാം”- രാഹുൽ പറഞ്ഞു.ഓഡിയോയും വാട്സാപ്പ് ചാറ്റും രാഹുലിന്റേതാണോ എന്ന ചോദ്യത്തിന്; “എന്റേതാണ് എന്നും പറഞ്ഞ് ഒരു ശബ്ദം കൊടുക്കുന്നു. അതിന് മുമ്പ് എന്നെ വിളിച്ച് ഈ ശബ്ദം നിങ്ങളുടേതാണോ എന്ന് ചോദിച്ച ശേഷം അത് പുറത്തുവിടുന്നതിന് പകരം, വോയിസ് എന്റേതാണെന്നും പറഞ്ഞ് ചിത്രം ഉൾപ്പെടെ വെച്ച് കൊടുത്തതിനുശേഷം അത് എന്റേതാണോ എന്ന് എന്തിനാ എന്നോട് ചോദിക്കുന്നത്”- എന്നായിരുന്നു മറുപടി.’ഞാൻ ആദ്യം തന്നെ പറഞ്ഞു, അന്വേഷണം മുന്നോട്ട് പോയതിന് ശേഷം ഒരു ഘട്ടം കഴിയുമ്പോൾ എനിക്ക് കൂട്ടിച്ചേർക്കാനുള്ളത് കൂട്ടിച്ചേർക്കും. ഈ രാജ്യത്തെ ഏതെങ്കിലും നിയമത്തിനെതിരായി ഒരു പ്രവൃത്തിയും ഞാൻ ചെയ്തിട്ടില്ല. ആ നിലയ്ക്ക് എനിക്ക് നിയമപരമായി മുമ്പോട്ട് പോകാനുള്ള അവകാശമുണ്ട്. നിയപരമായ എന്തെല്ലാം പോരാട്ടം വരാനിക്കുന്നു. അതിനൊക്കെ സമയം ഉണ്ടല്ലോ. നിങ്ങളെന്തിനാ തിരക്കുകൂട്ടുന്നേ. തിരിച്ചും മറിച്ചും മാധ്യമപ്രവർത്തകർ ഒരേകാര്യം തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തേണ്ടത് കോടതിയിലാണ്. അവിടെ നിരപരാധിത്വം കൃത്യമായി ബോധ്യപ്പെടുത്തും. നിരപരാധിത്വം തെളിയിക്കേണ്ടത് എപ്പോൾ വേണമെന്ന് ഞാനാണ് തീരുമാനിക്കേണ്ടത്. അന്വേഷണത്തിൽ എപ്പോൾ വ്യക്തതവരുത്തണമെന്ന് ഞാൻ തീരുമാനിച്ചോളാം’’- രാഹുൽ കൂട്ടിച്ചേർത്തു.പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റുമുള്‍പ്പെടെയാണ് തിങ്കളാഴ്ച പുറത്തുവന്നത്. ഇതിന് മുമ്പ് പുറത്തുവന്ന ശബ്ദരേഖ വിവാദമാകുകയും രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. നേരത്തെ പുറത്തുവന്ന ശബ്ദരേഖയുടെ ബാക്കിയാണ് ഇപ്പോള്‍ പുറത്തുവന്നതെന്നാണ് വിവരം.










