ശബരിമലയിലെ തിരക്ക് അനുസരിച്ച് സ്പോട്ട് ബുക്കിങ്ങിന്റെ എണ്ണം തീരുമാനിക്കാൻ മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. തിരക്കു കുറയുമ്പോൾ സ്പോട്ട് ബുക്കിങ് കൂട്ടാം. നിലവിലെ 5000 എന്നത് തിരക്കു കുറയുന്നതനുസരിച്ച് വർധിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു
സന്നിധാനത്ത് ദർശന സമയം എത്ര വരെയാകാമെന്നു ദേവസ്വം ബോർഡ് ചർച്ച ചെയ്തു തീരുമാനിക്കും. എല്ലാ ദിവസവും സന്നിധാനത്ത് എഡിഎമ്മിന്റെ നേതൃത്വത്തിൽ സംയുക്ത യോഗം ചേരണം. പ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പമ്പയിലും നിലയ്ക്കലും ഇത്തരത്തിൽ യോഗം ചേരണം.നിലവിൽ പതിനെട്ടാം പടിയിൽ മിനിറ്റിൽ ശരാശരി 70 പേരാണ് കയറുന്നത്. അത് 85 ആക്കും. പരിചയസമ്പന്നരായ കൂടുതൽ പൊലീസുകാരെ നിയോഗിക്കും. പാർക്കിങ്, ശുചിമുറികൾ വൃത്തിയാക്കൽ, ചുക്കുവെള്ള വിതരണം, ഡോളി പ്രശ്നം, എരുമേലിയിലെ ക്രമീകരണങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച്ചയായി. 27നു പ്രത്യേക യോഗം ചേരും.







