ചങ്ങരംകുളം:അരുണാചൽ പ്രദേശിലെ ഇറ്റാ നഗറിലെ ഖേൽ ഇന്ത്യാ ഇൻഡോർ സ്റ്റേഡിയത്തിൽ നവംബർ 26 മുതൽ ആരംഭിക്കുന്ന ദേശീയ സ്കൂൾ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ മൂക്കുതല പി. സി. എൻ. ജി. എച്ച്. എസ് സ്കൂളിലെ മൂന്ന് വെയിറ്റ് ലിഫ്റ്റിംഗ് താരങ്ങൾ കഠിനമായ പരിശീലനത്തിലാണ്.വിവിധ ഭാരവിഭാഗങ്ങളിൽ മത്സരിക്കുന്ന ഇവർ നിലവിലെ സംസ്ഥാന ചാമ്പ്യൻമാരാണ്.
60 കിലോ ഗ്രാം ജൂനിയർ വിഭാഗത്തിൽ മത്സരിക്കുന്ന ഇഷാൻ അബ്ദുൾ ജലാൽ നന്നംമുക്ക് സ്വദേശി ജലാൽ പന്തേൻങ്കാടന്റെയും റസീനയുടെയും മകനാണ്.
77 കിലോ ഗ്രാം ജൂനിയർ വിഭാഗത്തിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നത് മൂക്കുതല സ്വദേശിനിയായ തുഷാര ആണ്.തേക്കിലവളപ്പിൽ ബാബുവിന്റെയും സുമയുടെയും മകളാണ് തുഷാര.
88 കിലോ ഗ്രാം ജൂനിയർ വിഭാഗത്തിൽ മത്സരിക്കുന്നത് പെരുമുക്ക് കിളയംകുന്ന് സ്വദേശിയായ അദ്നാൻ അബ്ദുൾ കാദർ ആണ്.വെളക്കത്തറ വളപ്പിൽ അബ്ദുൾ കാദറും നസീമയുമാണ് മാതാ പിതാക്കൾ.
തുഷാരയും അദ്‌നാനും രണ്ടാം തവണയാണ് ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്.താരങ്ങളെ മത്സരത്തിനായി സജ്ജരാക്കുന്നത് മൂക്കുതല സ്കൂളിലെ കായിക അധ്യാപകരായ തൃശൂർ സ്വദേശിയും നാഷണൽ വെയിറ്റ് ലിഫ്റ്റിംഗ് റെഫറിയുമായ ആഘോഷും മൂക്കുതല സ്വദേശിയായ കുമാറും ചേര്‍ന്നാണ്. ദേശീയ നിലവാരം പുലർത്തുന്ന പരിശീലനങ്ങളാണ് ഇവർ താരങ്ങള്‍ക്ക് നൽകുന്നത്.വിലയേറിയ ഒരു സെറ്റ് വെയിറ്റ് ലിഫ്റ്റിങ്ങ് എക്യുപ്മെന്റസ് സ്കൂൾ പി.ടി. എ. സ്വകാര്യ സ്പോൺസർ ഷിപ്പിലൂടെ യാണ് സംഘടിപ്പിച്ചു പരിശീലനത്തിന് സൗകര്യമൊരുക്കിയത്.മത്സര വേദിയിൽ കേരളത്തിന്റെ പ്രതീക്ഷകൾ ഉയർത്തി പിടിക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ് ടീം അംഗങ്ങള്‍. രാജ്യത്തെ മികച്ച താരങ്ങൾ ഒന്നിക്കുന്ന ഈ മത്സരം സംസ്ഥാനത്തിന്റെയും മൂക്കുതല സ്കൂളിന്റെയും അഭിമാനമുയർത്തുന്ന മത്സരമാകുമെന്നാണ് സ്കൂള്‍ അധികൃതരുടെ പ്രതീക്ഷ











