ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുടെ മലയാളികളുടെ മനസ് കീഴടക്കിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് വേറിട്ട പിറന്നാള്‍ സമ്മാനമൊരുക്കി തന്റെ ട്രസ്റ്റിലൊരുങ്ങുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥി കൂട്ടായ്മ. നാട്ടിക ലെമര്‍ പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് സ്‌കൂള്‍ സ്ഥാപകനായ എം.എ യൂസഫലിയുടെ വഴി തന്നെ തിരഞ്ഞെടുത്തത്. എല്ലാവര്‍ഷവും യൂസഫലിയുടെ ജന്മദിനമായ നവംബര്‍ 15ന് സദ്യയോടെയുള്ള വിപുലമായ ആഘോഷപരിപാടികളും കലാപരിപാടികളുമാണ് നടത്താറുള്ളത്. എന്നാല്‍ ഇക്കുറി സ്‌കൂള്‍ സ്ഥാപകന്റെ ജന്മദിനം വേറിട്ടതാക്കാമെന്ന് വിദ്യാര്‍ത്ഥികളും സ്‌കൂള്‍ മാനേജ്‌മെന്റും തീരുമാനമെടുക്കുകകയായിരിന്നു. ഇതോടെ സ്‌കൂളിലെ തന്നെ കിടപ്പാടമില്ലാതെ ബുദ്ധിമുട്ടുന്ന മൂന്ന് ജീവനക്കാരെ കണ്ടെത്തി അവര്‍ക്ക് വീട് വച്ചുനല്‍കാനുള്ള തീരുമാനത്തിലെത്തി
വിവിധ പരിപാടികളിലൂടെ വിദ്യാര്‍ത്ഥി ക്ലബ് വഴി കുട്ടികള്‍ തന്നെ ശേഖരിച്ച തുകയാണ് ഈ സത്കര്‍മ്മത്തിനായി അവര്‍ മാറ്റി വച്ചത്. കുട്ടികളുടെ ഈ പ്രയത്‌നത്തിന് എല്ലാ പിന്തുണയും നല്‍കി അധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റും ഒപ്പം കൂടി. നാട്ടിക സ്വദേശികളായ സ്‌കൂള്‍ ജീവനക്കാരായ അംബിക, രചിത, രത്‌നവല്ലി എന്നിര്‍ക്കാണ് കൊച്ചു കൂട്ടുകാര്‍ വീടൊരുക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് വീട് പൂര്‍ണമായും നിര്‍മ്മിച്ച് നല്‍കുമെന്നും ഭാഗീകമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രണ്ട് വീടുകളുടെ തുടര്‍നിര്‍മ്മാണം ഏറ്റെടുക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ശിശുദിനത്തിന്റെയും സ്‌കൂള്‍ സ്ഥാപകനും ലുലുഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിയുടെ പിറന്നാളിനോട് അനുബന്ധിച്ച് നടന്ന ആഘോഷപരിപാടികളിലായിരുന്നു പ്രഖ്യാപനം. ആഘോഷപരിപാടികള്‍ ഗാനരചയിതാവും കഥാകൃത്തുമായ എം.ഡി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യസ്‌നേഹപരമായ ഇടപടലിന് എടുത്തുകാട്ടാന്‍ പറ്റിയ ആള്‍രൂപമാണ് എം.എ യൂസഫലിയെന്ന് അദ്ദേഹം പ്രസംഗിച്ചു. ആഘോഷപരിപാടികളില്‍ പെര്‍സ്‌പെക്ടീവ് ട്രസ്റ്റ് സെക്രട്ടറി കെ.കെ. അബ്ദുള്‍ ലത്തീഫ്, ട്രഷറര്‍ ഇ.എ ഹാരീസ്, മാനേജര്‍ മുഹമ്മദ് അലി,ലെമര്‍ പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗൈനി മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.







