മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത മായാവി റീ റിലീസിനൊരുങ്ങുന്നു. നിർമാതാക്കളായ വൈശാഖ സിനിമാസാണ് ഇക്കാര്യം അറിയിച്ചത്. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ വീണ്ടുമെത്തുന്നത്. മായാവി റീ റിലീസിൽ വലിയ കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷ. ആക്ഷൻ-കോമഡി ചിത്രമായാണ് മായാവി എത്തിയത്.റാഫി മെക്കാർട്ടിന്റെ തിരക്കഥയിൽ 2007-ൽ പുറത്തിറങ്ങിയ ചിത്രമാണ് മായാവി. ഗോപിക, സലിം കുമാർ, സുരാജ് വെഞ്ഞാറമ്മൂട്, മനോജ് കെ. ജയൻ, വിജയരാഘവൻ, സായികുമാർ, കെ.പി.എ.സി ലളിത, കൊച്ചിൻ ഹനീഫ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ സുപ്രധാനവേഷങ്ങളിലെത്തി.വയലാർ ശരത്ചന്ദ്രവർമയുടെ വരികൾക്ക് അലക്സ് പോൾ ഈണം പകർന്നു. സഞ്ജീവ് ശങ്കറാണ് ഛായാഗ്രഹണം. വൈശാഖ മൂവീസിന്റെ ബാനറിൽ വൈശാഖ രാജനാണ് ചിത്രം നിർമിച്ചത്. 2007-ൽ മലയാളത്തിൽ വൻ ഹിറ്റായ ചിത്രമായിരുന്നു മായാവി.അമരം ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ റീ റിലീസ് ചിത്രം. നേരത്തെ പാലേരിമാണിക്യം, ആവനാഴി, വല്ല്യേട്ടൻ എന്നിവയാണ് മമ്മൂട്ടിയുടേതായി വന്ന റീ റിലീസ് ചിത്രങ്ങൾ. അതിനിടെ മമ്മൂട്ടിയും വിനായകനും മുഖ്യവേഷങ്ങളിലെത്തുന്ന കളങ്കാവൽ ഈ മാസം റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രം നവാഗതനായ ജിതിൻ കെ. ജോസ് ആണ് സംവിധാനം ചെയ്യുന്നത്.











