കൊടുങ്ങല്ലൂർ:അധ്യാപകനെ സ്കൂളിൽ കയറി മർദിച്ച കേസിൽ രക്ഷിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം പോഴങ്കാവ് ചെന്നറ വീട്ടിൽ ധനേഷിനെയാണ് (മുത്തു–40) ജില്ലാ റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്.
പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽപി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ധനേഷിന്റെ മകൻ നാലാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച സ്കൂളിൽ എത്തിയ മകൻ അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. സ്കൂൾ വിടും മുൻപ് പോയ വിദ്യാർഥിയെ അധ്യാപകനായ ധനേഷ് വീട്ടിൽ ചെന്നു സ്കൂളിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇതാണ് അക്രമത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു
വൈകിട്ട് സ്കൂളിൽ എത്തിയ ധനേഷ് ഓഫിസിലേക്ക് അതിക്രമിച്ചു കയറി ഭരത് കൃഷ്ണയുടെ മുഖത്ത് അടിക്കുകയും തള്ളിയിടുകയും ചെയ്തു. ധനേഷ് കൊലക്കേസിൽ പ്രതിയും സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. സംഭവത്തിനുശേഷം മുങ്ങിയ ധനേഷിനെ നെടുമ്പാശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു






