ഓഗസ്റ്റ് 3, ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ അന്നായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7ന് തിരി തെളിഞ്ഞത്. ഏഴിന്റെ പണിയെന്ന ടാഗ് ലൈനുമായി എത്തിയ സീസൺ അക്ഷരാർത്ഥത്തിൽ അതുതന്നെയായിരുന്നു. ഓരോ ദിവസവും പലതരം പണികൾക്കിടയിൽ വൈല്‍ഡ് കാർഡ് അടക്കം 25 മത്സരാർത്ഥികളും പടപൊരുതി. ഒടുവില്‍ അനുമോൾ, അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ എന്നിവരായിരുന്നു ടോപ് 5ല്‍ എത്തിയത്. അതില്‍ ആദ്യം അക്ബര്‍ അഞ്ചാമനായി പുറത്തായി. നാലാമത് നെവിനും മൂന്നാമത് ഷാനവാസും പുറത്തായി. ഒടുവില്‍ അനുമോള്‍ വിന്നറായപ്പോള്‍ അനീഷ് ഫസ്റ്റ് റണ്ണറപ്പായി.
50 ലക്ഷം രൂപയാണ് ബിഗ് ബോസ് വിജയിയായ അനുമോള്‍ക്ക് ലഭിക്കുക. ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ തന്നെ ബിഗ് ബോസ് ട്രോഫിയും അനുമോള്‍ക്ക് സമ്മാനിച്ചു. ഇത്തവണത്തെ ടോപ് ഫൈവില്‍ ഒരേയൊരു വനിതാ മത്സരാര്‍ത്ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും ശ്രദ്ധേയമായിരുന്നു. നൂറയും ആദിലയും അവസാനത്തെ ആഴ്ചകളില്‍ ഫൈനലില്‍ എത്തും എന്ന് ഉറപ്പിച്ചതായിരുന്നു
നൂറയ്ക്ക് ടിക്കറ്റ് ടു ഫിനാലെ ലൈഫും ഉണ്ടായിരുന്നു. എന്നാല്‍ ആദ്യം ആദിലയും പിന്നീട് അവസാന നിമിഷം നൂറയും എവിക്ട് ആയതോടെ അവസാന അഞ്ചില്‍ അനുമോള്‍ മാത്രം വനിതയായി അവശേഷിച്ചു. ശക്തമായ മത്സരമാണ് അനീഷ് അനുമോള്‍ക്ക് ഉയര്‍ത്തിയത്. ഒരു കോമണറായി എത്തി ഫസ്റ്റ് റണ്ണേഴ്‌സ് അപ്പായത് കൊണ്ട് തന്നെ അനീഷിന്റെ നേട്ടവും വിലമതിക്കാനാകാത്തതാണ്.







