പാലക്കാട്: രാത്രി 10.50ന് വലിയ ശബ്ദം കേട്ടു വന്നപ്പോൾ കാർ മറിഞ്ഞു കിടക്കുകയായിരുന്നു. 3 പേർ സംഭവ സ്ഥലത്തുവച്ചു മരിച്ചു. പന്നി ചാടിയെന്നാണ് രക്ഷപ്പെട്ട ഒരാൾ പറഞ്ഞത്’ചിറ്റൂർ റോഡിൽ കനാൽ പാലത്തിനു സമീപം കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിഞ്ഞു സുഹൃത്തുക്കളായ 3 യുവാക്കൾ മരിച്ച സംഭവത്തെക്കുറിച്ച് പഞ്ചായത്ത് അംഗം ചാത്തുവിന്റെ വാക്കുകൾ.
പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ രോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ രോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണു മരിച്ചത്. കാർ ഓടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21) എന്നിവർക്കാണു പരുക്കേറ്റത്.
അടുത്ത സുഹൃത്തുക്കളാണ് 6 പേരും. പുറത്ത് പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമായ യുവാക്കൾ ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്രപോകുന്നതു പതിവാണ്. ചിറ്റൂരിൽ നിന്നു പാലക്കാട്ടേക്കു വരുമ്പോഴാണ് കാർ അപകടത്തിൽപെട്ടത്. കുറുകെച്ചാടിയ പന്നിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കാർ നിയന്ത്രണംവിട്ടത്. ആദ്യം റോഡരികിലെ മൈൽക്കുറ്റിയിലും സമീപത്തെ മരത്തിലും ഇടിച്ചു. പിന്നീട് താഴെയുള്ള പാടത്തേക്കു മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ വാഹനം തകർന്നു. മരത്തിന്റെ ഒരു ഭാഗം ചെത്തിയെടുത്തതുപോലെ മുറിഞ്ഞുമാറി.
4 പേർ പിൻസീറ്റിലും 2 പേർ മുൻസീറ്റിലുമായിരുന്നു. പിൻസീറ്റിലുണ്ടായിരുന്ന ആൾ പുറത്തേക്ക് വീണു കിടക്കുകയായിരുന്നു. ‘‘ സ്ഥലത്ത് നിറയെ പന്നികളാണ്. മുൻപും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി തവണ പരാതി നൽകി. കൃഷിക്കാർ ഏറെയുള്ള സ്ഥലമാണ്. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. കൊടുവളവുള്ള സ്ഥലമാണ്. തെരുവുവിളക്കുകളുമില്ല’’–നാട്ടുകാരിലൊരാൾ പറഞ്ഞു






