ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടം പൈലറ്റിന്റെ പിഴവല്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. പൈലറ്റിന്റെ പിഴവുമൂലമാണ് അപകടമെന്ന് രാജ്യത്ത് ആരും വിശ്വസിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. അപകടത്തില്‍ മരിച്ച പൈലറ്റ് സുമീത് സബര്‍വാളിന്റെ പിതാവ് പുഷ്‌കര്‍ രാജ് സബര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ കമാന്‍ഡറായിരുന്ന പൈലറ്റിനെതിരെ ഒരു തെറ്റും ആരോപിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനാണ് ഹാജരായത്. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്ന നിലവിലെ അന്വേഷണത്തില്‍ കുടുംബം തൃപ്തരല്ലെന്ന് ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു.’ഈ അപകടം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. പക്ഷേ നിങ്ങളുടെ മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം നിങ്ങള്‍ വഹിക്കേണ്ടതില്ല. ആര്‍ക്കും അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല’, ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.അന്വേഷണങ്ങളില്‍ നിഷ്പക്ഷത വേണമെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഹര്‍ജിക്കാരന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. നവംബര്‍ 10 ന് കേസ് വീണ്ടും പരിഗണിക്കും.ജൂണ്‍ 12-നാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് അപകടമുണ്ടായത്. 260 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്ന വിശ്വാസ് കുമാര്‍ എന്നയാൾ മാത്രമാണ് രക്ഷപ്പെട്ടത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം ബി ജെ മെഡിക്കൽ കോളേജിലേയ്ക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ഡിഎന്‍എ പരിശോധന നടത്തിയശേഷം ബന്ധുക്കള്‍ക്ക് മൃതദേഹാവശിഷ്ടങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു.വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകടകാരണമെന്നായിരുന്നു എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കിയത്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടായിരുന്നു.











