വർഷങ്ങൾ നീണ്ട കാരത്തിരിപ്പിനൊടുവിലാണ് ഐപിഎൽ ടീമായ ആർസിബി കിരീടം നേടിയത്. അതിന് പിന്നാലെയുണ്ടായ വിവാദങ്ങളും ടീമിനെ വലിയ സമ്മർദ്ദങ്ങൾക്ക് ഇടായാക്കിയിരുന്നു. ഇപ്പോഴിതാ ആർസിബി ടീമിനെ വില്പനയ്ക്ക് വച്ചിരിക്കുകയാണ് ഉടമസ്ഥരായ ഡിയാജിയോ. 200 കോടി ഡോളറിനാണ് ടീമിന്റെ വില്പനയിലൂടെ ലക്ഷ്യമിടുന്നത്. 2026 മാർച്ച് 31നകം ടീമിന് പുതിയ ഉടമകളെ കണ്ടെത്താനാണ് ഡിയാജിയോയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ ഇതിനോടകം ഉടമകൾ ആരംഭിച്ചിട്ടുണ്ട്.അതേസമയം, ആർസിബിയുടെ കിരീടധാരണ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും അപകടത്തിൽപ്പെട്ട് 11 പേർ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സംഭവം ഡിയാജിയോയുടെ പ്രശസ്തിക്ക് കോട്ടമുണ്ടാക്കാനുള്ള സാദ്ധ്യത സംബന്ധിച്ചും നിയമപരമായ ബാദ്ധ്യതകളെക്കുറിച്ചും ആശങ്കകൾ ഉണ്ടാക്കിയതായും വിലയിരുത്തപെടുന്നു.ഇതിനു പുറമെ വിരാട് കെഹ്ലിയുടെ കരിയർ ഇനി എത്ര കാലം ഉണ്ടാകുമെന്നുള്ളതും ഡിയാജിയെ വില്പനയ്ക്ക് പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. കൊഹ്ലിയുടെ സാന്നിദ്ധ്യമാണ് ആർസിബിയുടെ ബ്രാൻഡ് മൂല്യത്തിന് പ്രധാന കാരണം. കൊഹ്ലി പോയാൽ ബ്രാൻഡ് മൂല്യം ഇടിയുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഐപിഎല്ലിന്റെ തുടക്ക കാലത്ത് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുബി ഗ്രൂപ്പ് 111.6 മില്യൺ ഡോളറിനാണ് അന്ന് ആർസിബി ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. അന്ന് മുംബയ് ഇന്ത്യൻസിന് ശേഷം ഏറ്റവും മൂല്യമേറിയ ടീം ആർസിബിയായിരുന്നു. 2015-ൽ ഡിയാജിയോ കമ്പനിയിൽ ഓഹരിയെടുക്കുകയും, അടുത്ത വർഷം ആർസിബിയുടെ ഉടമസ്ഥാവകാശം പൂർണ്ണമായും ഡിയാജിയോ നേടുകയായിരുന്നു. പുതിയ ഉടമകളെ കണ്ടെത്താനും ചർച്ചകൾക്കും അംഗീകാരങ്ങൾക്കുമായി ഏകദേശം രണ്ട് വർഷത്തെ സമയമാണ് ഇതിനായി ലഭിക്കുന്നത്.വില്‍പ്പനയ്ക്കുള്ള പ്രാരംഭ നടപടിക്രമങ്ങള്‍ ഡിയാജിയോ ആരംഭിച്ചു. ആർസിബിയുടെ ഉടമസ്ഥാവകാശം ഒഴിയുന്ന സാഹചര്യത്തിൽ, യുഎസിലെ സ്വകാര്യ നിക്ഷേപക കമ്പനികൾ അടക്കമുള്ള വമ്പൻമാർ ഫ്രാഞ്ചൈസി ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചതായി ക്രിക്ക്ബസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ അദാർ പൂനവാല, ഡൽഹി വ്യവസായിയായ രവി ജയ്പുരിയ എന്നിവരും ആർസിബി വാങ്ങാൻ സജീവമായി രംഗത്തുണ്ട്.











