ജപ്‌തിഭീഷണി നേരിടുന്ന സാധാരണക്കാർക്ക് ഇനി മുതൽ കിടപ്പാടം നഷ്ടമാകില്ല. സംസ്ഥാന സർക്കാരിൻ്റെ ഏക കിടപ്പാടം സംരക്ഷണ ബില്ല് ഗവർണർ ഒപ്പിട്ടതോടെ നിയമമായി മാറി. ഏക കിടപ്പാടം സംരക്ഷണ നിയമം കൊണ്ടുവരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കൂടിയാണ് കേരളം. നിയമം ചരിത്രമായി മാറുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനമായിരുന്നു ഏക കിടപ്പാട സംരക്ഷണ നിയമ നിർമ്മാണം. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിൽ നിന്ന് വായ്‌പയെടുത്ത് ജപ്‌തിഭീഷണി നേരിടുന്ന സാധാരണക്കാർക്ക് ഈ നിയമത്തിലൂടെ സംരക്ഷണം ലഭിക്കും. ഇത്രയും പ്രാധാന്യമുള്ള നിയമനിർമ്മാണ പ്രക്രിയയിൽ പ്രതിപക്ഷം പങ്കെടുത്തിരുന്നില്ല. ഏകകിടപ്പാടം പണയപ്പെടുത്തി വായ്‌പ എടുത്ത് ബോധപൂർവ്വമല്ലാതെ തിരിച്ചടവ് മുടങ്ങി കിടപ്പാടം നഷ്‌ടപ്പെടുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി സംരക്ഷണം ലഭിക്കുന്നതാണ് മന്ത്രി പി രാജീവ് അവതരിപ്പിച്ച ബിൽ.വായ്പാ തുക പരമാവധി അഞ്ചുലക്ഷം രൂപയിലും പിഴപ്പലിശ ഉൾപ്പെടെ തിരിച്ചടവ് 10 ലക്ഷത്തിലും അധികമാകരുതെന്നതാണ് പ്രധാന വ്യവസ്ഥ. വായ്പ എടുക്കുന്നവർക്ക് മറ്റ് വസ്തുവകകളോ തിരിച്ചടവിന് മറ്റു മാർഗങ്ങളോ ഉണ്ടാകരുത്. വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെ ആയിരിക്കുകയും വേണം. വിദ്യാഭ്യാസം, ചികിത്സ, വിവാഹം, ഭവന നിർമാണം, കൃഷി, സ്വയം തൊഴിൽ എന്നീ ആവശ്യങ്ങൾക്കായി കിടപ്പാടം പണയപ്പെടുത്തിയവർക്കാകും നിയമത്തിൻ്റെ സംരക്ഷണം ലഭിക്കുക.










