ട്രെയിനില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിർദേശം. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനാണ് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. മെഡിക്കൽ കോളജിലെ ചികിത്സയിൽ തൃപ്തിയില്ലെന്നും വിദഗ്ദ ചികിത്സ ഉറപ്പാക്കണമെന്നും പെൺകുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടിരുന്നു.തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിനുള്ളിൽ നിന്നും ചവിട്ടി താഴെയിട്ടത് കൊലപ്പെടുത്തണമെന്ന ഉദേശത്തോടെയെന്നാണ് എഫ്ഐആർ.വാതിലിന് മുന്നിൽ നിന്നും വഴിമാറി നൽകാത്തതാണ് പ്രകോപനമായത്.പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി നിലവിൽ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.നിലവിൽ പെൺകുട്ടി അപകടാവസ്ഥ തരണം ചെയ്തിട്ടില്ല.തലച്ചോറിന് ഒന്നിൽ കൂടുതൽ ക്ഷതം സംഭവിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ വിദഗ്ദ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ചികിത്സ.കുറ്റസമ്മതം നടത്തിയ വെള്ളറട സ്വദേശി സുരേഷ് കുമാറിനെ ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. കഴിഞ്ഞ ദിവസം തന്നെ പ്രതിയുടെ വൈദ്യ പരിശോധന അന്വേഷണസംഘം പൂർത്തിയാക്കിയിരിക്കുന്നു.








