കാർഷിക സർവകലാശാലയിലെ ഫീസ് വർധന കുറയ്ക്കും. യുജി കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് കൃഷിമന്ത്രി പി. പ്രസാദ് വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായത്.കാർഷിക സർവകലാശാല ഫീസ് വർധനയിൽ വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. പണം ഇല്ലാത്തതിന്റെ പേരിൽ ഒരാൾക്കും പഠനം നിർത്തേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫീസ് വർധന സർക്കാരിന്റെ തീരുമാനമല്ലെന്നും സർവകലാശാലയാണ് തീരുമാനിച്ചതെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.കാർഷിക സർവകലാശാലാ ഫീസ് വർധനയ്ക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നുവന്നത്. എസ്എഫ്‌ഐ, കെഎസ്‌യു ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു. കാര്‍ഷിക സര്‍വകലാശാലയിലെ ധന പ്രതിസന്ധി മറികടക്കാനാണ് ഫീസ് വര്‍ധനയെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം.









