തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1400 രൂപ കുറഞ്ഞ് 88,360 രൂപയും ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയുമായി. കഴിഞ്ഞ പത്തുദിവസങ്ങൾക്കുളളിൽ സംഭവിച്ച വലിയ മാറ്റമാണിത്. ഇന്നലെ സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ പവന് 600 രൂപ കൂടി 89,760 രൂപയായിരുന്നു. ഇന്നത്തെ മാറ്റം സ്വർണവിപണിയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബർ 17,21 എന്നീ തീയതികളിലായിരുന്നു. അന്ന് പവന് 97,360 രൂപയും ഗ്രാമിന് 12,170 രൂപയുമായിരുന്നു. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.അമേരിക്കയും ചൈനയും വ്യാപാര ധാരണയിലെത്തുമെന്ന വാർത്തകളാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിന് തിരിച്ചടിയായത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായുള്ള ചർച്ചയിൽ വ്യാപാര കരാർ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങികൂട്ടിയ ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വർണ വിൽപ്പന ശക്തമാക്കി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതും സ്വർണത്തിലെ നിക്ഷേപ താത്പര്യം കുറച്ചു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,887 ഡോളർ വരെ താഴ്ന്നു.
 
			 
			







