ചെന്നൈ: ഓടുന്ന തീവണ്ടികളില്‍നിന്ന് മൊബൈല്‍ ഫോണ്‍ പുറത്തേക്ക് തെറിച്ചു വീണാല്‍ അപായച്ചങ്ങല വലിക്കരുതെന്ന മുന്നറിയിപ്പുമായി റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്). മൊബൈല്‍ ഫോണ്‍ വീണു എന്നതിന്റെ പേരില്‍ അപായച്ചങ്ങല വലിച്ച് വണ്ടി നിര്‍ത്തിച്ചാല്‍ 1,000 രൂപ പിഴയോ ഒരുവര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടുംകൂടിയ ശിക്ഷയോ ലഭിക്കാമെന്നും ആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. യാത്രക്കാര്‍ മൊബൈല്‍ ഫോണ്‍ അശ്രദ്ധമായി ഉപയോഗിക്കുന്നതിലൂടെ പാളത്തിലേക്കും മറ്റും വീഴുന്നസംഭവങ്ങള്‍ ഒട്ടേറെയാണ്.ഈ സമയത്ത് പലരും അപായച്ചങ്ങല വലിച്ച് വണ്ടി നിര്‍ത്താന്‍ ശ്രമിക്കുന്നത് ഒഴിവാക്കാനാണ് നിര്‍ദേശം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീഴുന്ന സ്ഥലം ശ്രദ്ധിക്കുകയും ഇക്കാര്യം റെയില്‍വേ അധികൃതര്‍, റെയില്‍വേ പോലീസ്, റെയില്‍വേ സംരക്ഷണ സേന എന്നിവരെ അറിയിക്കാം. റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറായ 139-ലോ 182-ലോ വിവരം അറിയിക്കാം. ട്രെയിന്‍ നമ്പര്‍, സീറ്റ് നമ്പര്‍, തിരിച്ചറിയല്‍ രേഖ എന്നിവ പരാതിയോടൊപ്പം വ്യക്തമാക്കണം. പരാതി ലഭിച്ചാലുടന്‍ റെയില്‍വേ സംരക്ഷണ സേന സ്ഥലത്തെത്തി പരിശോധന നടത്തി സാധനങ്ങള്‍ കണ്ടെത്തി യഥാര്‍ഥ ഉടമകള്‍ക്ക് കൈമാറുമെന്ന് ആര്‍പിഎഫ് അറിയിച്ചു.എന്നാല്‍, മൊബൈല്‍ ഫോണ്‍, ആഭരണങ്ങള്‍, പണം മുതലായവ മോഷ്ടിക്കപ്പെടുകയാണെങ്കില്‍ അപായച്ചങ്ങല വലിക്കുന്നതില്‍ തെറ്റില്ലെന്ന് ഇവര്‍ വ്യക്തമാക്കി.
 
			 
			











