തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്ക് ആണ് പുത്തൂരില്‍ ഒരുക്കിയിട്ടുള്ളത്.
മുന്നൂറിലധികം ഏക്കര്‍ ഭൂമിയില്‍ ഒരുക്കിയിട്ടുള്ള പ്രകൃതി വിസ്മയമാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്. തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും പോലും മൃഗങ്ങളെ ഇവിടെ എത്തിക്കും. ഡിയര്‍ സഫാരി പാര്‍ക്ക്, പെറ്റ് സൂ, ഫോളോഗ്രാം സൂ തുടങ്ങിയവരും വൈകാതെ നിര്‍മ്മിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരാഴ്ചയില്‍ ഏറെയായി സാംസ്‌കാരിക പരിപാടികള്‍ തുടരുകയാണ്.
തൃശൂരിനെ സംബന്ധിച്ച് ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷമാണ് ഇന്നെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. മൃഗങ്ങളെ കാണുന്നതിലുമുപരിയായി ഒരു ആവാസവ്യവസ്ഥ കാണുന്ന അനുഭവമാണുണ്ടാവുകയെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. പൂര്‍ണമായും ഒരു കാടിന്റെ ഫീലാണ് ഇവിടേക്ക് വരുമ്പോള്‍ തോന്നുകയെന്നും അദ്ദേഹം പറഞ്ഞു.
ആറ് കടുവകള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. മൃഗശാലയില്‍ നിന്ന് കൊണ്ടുവരുന്ന മൃഗങ്ങള്‍ മാത്രമല്ല. വനം വകുപ്പിന്റെ കേരളത്തിലെ ആദ്യത്തെ മൃഗശാലയായതുകൊണ്ട് മനുഷ്യ – മൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പിടിക്കുന്ന മുഴുവന്‍ ജീവികളും, പ്രത്യേകിച്ച് നരഭോജികള്‍ ഉള്‍പ്പടെയുള്ള ജീവികളും ഇവിടെയുണ്ടാകും. അവയുടെ ചികിത്സയ്ക്ക് ആശ്രയിക്കാവുന്ന ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. നവംബര്‍ മാസത്തോടെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള മൃഗങ്ങള്‍ എത്തും. വിദേശത്തു നിന്നുള്ള മൃഗങ്ങളും എത്തും. സീബ്ര, ജിറാഫ്, അനാകൊണ്ട, ചില പക്ഷികള്‍ എന്നിവയെല്ലാം എത്തും. രണ്ട് മാസക്കാലത്തോളം ട്രയല്‍ റണ്ണാണ്. 2026 ജനുവരിയില്‍ പൊതുജനങ്ങള്‍ക്കായി പൂര്‍ണമായും തുറന്നുകൊടുക്കും – അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖരും തൃശ്ശൂരിലെ രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ഉദ്ഘാടനത്തിന് എത്തുന്നുണ്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ തൃശൂര്‍ പുത്തൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ സൗജന്യമായി പാര്‍ക്കില്‍ എത്തിക്കും. ഉദ്ഘാടനത്തിനുശേഷം ആദ്യഘട്ടത്തില്‍ പ്രവേശനത്തിന് നിയന്ത്രണമുണ്ട്. ജനുവരിയോടു കൂടി പൂര്‍ണമായി പൊതുജനത്തെ പ്രവേശിപ്പിക്കാനാണ് പദ്ധതി








