ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നു. വൃശ്ചിക പുലരിയില്‍ മല ചവിട്ടിയത് 74103 പേരാണ്. ഇതില്‍ സ്‌പോട്ട് ബുക്കിങ് വഴി എത്തിയത് 3017 പേരാണ്. പുല്ലുമേട് വഴി 410 പേര്‍ എത്തിയപ്പോള്‍, ആദ്യ ദിനം എത്താന്‍ കഴിയാത്തവരും വ്യശ്ചികം ഒന്നിന് മല ചവിട്ടി. തിരക്ക് വര്‍ദ്ധിച്ചിട്ടും, ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടിവരുന്നില്ലെന്നതാണ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം പകരുന്നത്. മിനിറ്റില്‍ പതിനെട്ടാംപടി ചവിട്ടുന്നത് 80 ന് മുകളില്‍ തീര്‍ത്ഥാകരാണ്. അതേസമയം തിരക്ക് വര്‍ധിച്ചിട്ടും ശബരിമല സന്നിധാനത്ത് ദര്‍ശനം സുഗമമായി നടക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ മികച്ച മുന്നൊരുക്കമാണ് അതിന് കാരണമെന്നും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. സര്‍ക്കാര്‍ മിഷനറി മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും മുന്നൊരുക്കം മാസങ്ങള്‍ മുന്‍പേ തുടങ്ങിയത് ഗുണമായെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ സഹായമുണ്ടെങ്കിലേ തീര്‍ത്ഥാടനം ഭംഗിയായി നടക്കുവെന്നും അത് നല്ല രീതിയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി മടങ്ങുന്നത് സംതൃപ്തിയോടെയെന്ന് മേല്‍ശാന്തി പറഞ്ഞു.