ന്യൂഡല്‍ഹി : തെരുവ് നായ വിഷയത്തില്‍ സ്വമേധയാ എടുത്ത കേസില്‍ കടുത്ത നടപടിയുമായി സുപ്രീംകോടതി. വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നോട്ടീസിന് മറുപടി നല്‍കാത്ത കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടിമാരോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.നവംബര്‍ മൂന്നിന് നേരിട്ട് ഹാജരായി സത്യവാങ്മൂലം ഫയല്‍ ചെയ്യാത്തതിനുള്ള കാരണം വിശദീകരിക്കണം എന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.തങ്ങള്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന് ശേഷവും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്ന് അംഗ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നിട്ടും പശ്ചിമ ബംഗാള്‍, തെലുങ്കാന, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവ മാത്രമാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. മറ്റ് സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും സത്യവാങ്മൂലം ഫയല്‍ ചെയ്യാത്തതിനെ ആണ് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്.നായ്ക്കളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി, തെരുവ് നായ ശല്യം ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് നിരീക്ഷിക്കുകയും ചെയ്തു. ‘തുടര്‍ച്ചയായി സംഭവങ്ങള്‍ ഉണ്ടാകുന്നു. വിദേശ രാജ്യങ്ങളുടെ മുന്നില്‍ നമ്മുടെ രാജ്യം മോശമായി ചിത്രീകരിക്കപ്പെടുന്നു. ഞങ്ങളും വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ വായിക്കുന്നുണ്ട്’ ജസ്റ്റിസ് വിക്രം നാഥ് നിരീക്ഷിച്ചു.രേഖാമൂലം നോട്ടീസ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് മറുപടി ഫയല്‍ ചെയ്യാത്തത് എന്ന് ചില സംസ്ഥാനങ്ങള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ നോട്ടീസ് അയച്ച വാര്‍ത്ത ദിനപത്രങ്ങളും, സാമൂഹിക മാധ്യമങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും, അതൊന്നും ശ്രദ്ധയില്‍ പെട്ടില്ലേയെന്നും സുപ്രീം കോടതി ആരാഞ്ഞു.










