കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ആരും സ്വയംസ്ഥാനാർഥികളായി മുന്നോട്ടുവരരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപൽ എംപി. ആരെയും സ്ഥാനാർഥിയാക്കുമെന്ന് വാക്കും നൽകരുത്. നേതാക്കന്മാർ ചാനലുകളെ കാണുമ്പോൾ ജാഗ്രത പാലിക്കണം. പാവപ്പെട്ട പ്രവർത്തകന്റെ മനോവീര്യം തകർക്കുന്ന ഒരു വാക്കും ആരും പറയരുതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ‘സിറ്റ് ടു വിൻ’ നേതൃക്യാമ്പിന്റെ ഉദ്ഘാടനപ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യംപറഞ്ഞത്.
യുഡിഎഫിന്റെ വിജയത്തെ തടയാൻ കോൺഗ്രസ് പാർട്ടിയിലെ അനൈക്യം മാത്രമേ കാരണമായുള്ളൂ. ഈ വസ്തുത മനസ്സിലാക്കി വർധിതമായ ഐക്യത്തോടെ മുന്നോട്ടുപോകാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാകണം. കോൺഗ്രസിൽ പ്രശ്നങ്ങൾ വരുത്തിതീർക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ തിരിച്ചറിയണമെന്നും കെ.സി. പറഞ്ഞു.പാർട്ടി മുന്നോട്ടുവെച്ച മുന്നൊരുക്കങ്ങളെല്ലാം കൃത്യമായി പൂർത്തിയാക്കിയ ഡിസിസിയെയും ടീം കോഴിക്കോടിനെയും കെ.സി. പ്രശംസിച്ചു. ക്യാമ്പിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഐക്യത്തോടെയുള്ള പ്രവർത്തനവും കുറ്റമറ്റരീതിയിലുള്ള സ്ഥാനാർഥിനിർണയവും ഉറപ്പുവരുത്തണമെന്ന് സണ്ണി ജോസഫ് പറഞ്ഞു. സ്ഥാനാർഥികളെ പ്രാദേശികതലത്തിൽ സമവായത്തിലൂടെ കണ്ടെത്തണം. അന്യായമായ ഒരു ഇടപെടലും ഒരു നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുത്. നേതാക്കൾ പക്ഷംപിടിക്കരുത്. മധ്യസ്ഥ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾ ചാനലുകളിൽ സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണം’ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് കെപിസിസി പ്രസിഡൻറ് പറഞ്ഞു.
തിരഞ്ഞെടുപ്പിനെ നേരിടാനുള്ള മാർഗരേഖ ക്യാമ്പിൽ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ അവതരിപ്പിച്ചു. സ്ഥാനാർഥികളായി താഴേത്തട്ടിൽ നിന്നുള്ളവരെമാത്രം കണ്ടെത്തണമെന്നാണ് ക്യാമ്പിൽ അഭിപ്രായമുയർന്നത്. ജനങ്ങൾ അംഗീകരിക്കുന്ന ജനസമ്മതനായ ജയസാധ്യതയുള്ളവരെമാത്രം സ്ഥാനാർഥികളായി കണ്ടെത്തണമെന്നും ക്യാമ്പിൽ അഭിപ്രായമുണ്ടായി. ജില്ലയിലെ കെപിസിസി മെമ്പർമാർ, ഡിസിസി ഭാരവാഹികൾ, ഡിസിസി എക്സിക്യുട്ടീവ് അംഗങ്ങൾ, ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാർ എന്നിവരുൾപ്പെടെ 319 പേരാണ് ക്യാമ്പിൽ പ്രതിനിധികളായെത്തിയത്.ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ, ഷാഫി പറമ്പിൽ എംപി, ടി. സിദ്ദിഖ് എംഎൽഎ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത്, നേതാക്കളായ കെ. ജയന്ത്, വിദ്യാ ബാലകൃഷ്ണൻ, കെ.സി. അബു, എൻ. സുബ്രഹ്മണ്യൻ, കെ. ബാലനാരായണൻ, പി.എം. അബ്ദുറഹ്മാൻ, ചോലക്കൽ രാജേന്ദ്രൻ, രാജേഷ് കീഴരിയൂർ എന്നിവർ സംസാരിച്ചു. പെരിയ ബാലകൃഷ്ണൻ പ്രവർത്തകർക്കുള്ള ക്ലാസെടുത്തു.
താഴേത്തട്ടിലുള്ളവരെ സ്ഥാനാർഥികളാക്കണം -മുല്ലപ്പള്ളി
താഴേത്തട്ടിൽ പൊതുസ്വീകാര്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തി സ്ഥാനാർഥികളാക്കണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നേതൃക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായി ബന്ധമുള്ള സ്ഥാനാർഥികൾമാത്രമേ വിജയിക്കൂ. എതിരാളികളെ നിസ്സാരമായി കാണരുത്. 2008-ലെ അസംബ്ലി മണ്ഡലം പുനർനിർണയത്തിലെ വീഴ്ച ഓർക്കണം. സിപിഎം-ബിജെപി ബാന്ധവമെന്ന യാഥാർഥ്യം ജാഗ്രതയോടെ നോക്കിക്കാണണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റ് രമ്യാ ഹരിദാസുൾപ്പെടെയുള്ള നേതാക്കളും സംസാരിച്ചു.
മാർഗരേഖയിലെ പ്രധാന നിർദേശങ്ങൾ
പാർട്ടിയിലെ ഐക്യം: കോൺഗ്രസിൽ ഐക്യമില്ലെങ്കിൽ എത്ര ജനവിരുദ്ധവികാരമുണ്ടെങ്കിലും പാർട്ടിയെ ജനങ്ങൾ അംഗീകരിക്കില്ല. അതിനാൽ, അനിവാര്യമായ ഐക്യത്തിനായി തയ്യാറെടുക്കുക. മാറിനിൽക്കുന്നവരെ ചേർത്തുപിടിക്കുക. സ്വജനപക്ഷപാതവും വ്യക്തിതാത്പര്യങ്ങളും ഒഴിവാക്കുക.
യുഡിഎഫുമായുള്ള പ്രവർത്തനം ശക്തമാക്കുക: സീറ്റുവിഭജന ചർച്ചകൾ വേഗം പൂർത്തിയാക്കുക. ചെറുകക്ഷികളെയുൾപ്പെടെ ഒന്നിച്ചാക്കുക. കേൺഗ്രസിന് അനുവദിക്കുന്ന സീറ്റുകളിൽ ഉടൻ സ്ഥാനാർഥികളെ തീരുമാനിക്കുക.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ കൃത്യമായി നിരീക്ഷിക്കുക: ഇരട്ടവോട്ടുകൾ കണ്ടെത്തി പരാതിയിൽ തള്ളിയില്ലെങ്കിൽ വോട്ടുള്ളവരുടെ പേരുകൾ ബൂത്തുകളിൽ പ്രദർശിപ്പിക്കുക. ഇരട്ടവോട്ടുള്ളവർക്ക് നോട്ടീസ് അയക്കുക. പോളിങ് ഓഫീസർമാർക്ക് കത്തുനൽകുക.
സാമൂഹികമാധ്യമ കൂട്ടായ്മകൾ: സാമൂഹികമാധ്യമങ്ങളിൽ മുന്നണിക്കെതിരേയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാനുള്ള സാമൂഹികമാധ്യമ കൂട്ടായ്മകളുണ്ടാക്കുക. പഞ്ചായത്തുതലത്തിൽത്തന്നെ ഇതിനെ സജീവമാക്കുക.









