കൊച്ചിയിലെ ഫെഡറൽ ബാങ്കിൽ നിന്ന് 27 കോടി തട്ടിയ കേസില്‍ പ്രതി പിടിയില്‍. ബോവൽഗിരി സ്വദേശി ഷിറാജുൽ ഇസ്ലാമിനെ അസമില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. അഞ്ഞൂറിലേറെപ്പേരുടെ വ്യാജ പാൻകാർഡുകൾ തയ്യാറാക്കിയായിരുന്നു തട്ടിപ്പ്. ഫെഡറൽ ബാങ്കിന്റെ സ്കാപ്പിയ ആപ്പ് വഴി വ്യാജരേഖകൾ സമർപ്പിച്ച് ലോണെടുത്തായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. കൊച്ചിയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നും സ്കാപ്പിയ ആപ്പ് വഴി വന്‍തോതില്‍ ലോണ്‍ തട്ടിയെടുത്തതായി ചൂണ്ടിക്കാട്ടി ബാങ്ക് അധികൃതര്‍ കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.പിന്നീട് ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസേറ്റെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. പ്രതി ബോവൽഗിരി സ്വദേശി ഷിറാജുൽ ഇസ്ലാം അസമിലുണ്ടെന്ന് മനസ്സിലാക്കിയ ക്രൈംബ്രാഞ്ച് സംഘം അവിടെയെത്തി സാഹസികമായി പ്രതിയെ പിടികൂടി കൊച്ചിയിലെത്തിക്കുകയായിരുന്നു.ബാങ്ക് ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച് സ്കാപ്പിയ ആപ്പ് വഴി ലോണ്‍ തട്ടിയെടുക്കുന്നതായിരുന്നു തട്ടിപ്പിന്‍റെ രീതിയെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഇത്തരത്തില്‍ 27 കോടിയോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. അഞ്ഞൂറിലേറെപ്പേരുടെ വ്യാജ പാന്‍കാര്‍ഡുകള്‍ ഇയാളില്‍ നിന്ന് കണ്ടെത്തിയതായും ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. തട്ടിപ്പിന്‍റെ സൂത്രധാരനായ ഇയാളുടെ സംഘത്തില്‍ നിരവധി പേരുണ്ടെന്നാണ് വിവരം. അസമില്‍ സ്വന്തമായി കോഴിഫാമും വലിയ വീടും ഒക്കെയുള്ള ഇയാള്‍ക്കെതിരെ ഇതരസംസ്ഥാനത്തും കേസുകള്‍ നിലവിലുണ്ടെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.









