കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ൽ നടത്തിയ ആദ്യഘട്ട മെഡിക്കൽ പരിശോധനയുടെയും ഫിൽഡ് തല പരിശോധനയുടെയും അടിസ്ഥാനത്തിൽ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരിൽ അർഹതപ്പെട്ടവർക്ക് ധനസഹായം നൽകും. ഇതിനുള്ള അനുമതി മന്ത്രിസഭായോഗം ജില്ലാ കലക്‌ടർക്ക് നൽകി.
ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ 1031 പേരെ കാസർകോട് വികസന പാക്കേജിന്റെ പരിധിയിൽ ഉൾപ്പെടുത്തി സഹായം അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ആവശ്യപ്പെട്ട് സമരം നടന്നു വരികയായിരുന്നു. 2024 ജൂലൈ 10നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കലക്ടേററ്റിൽ സമരം നടന്നത്.
മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചത് നടപ്പിലാക്കേണ്ടത് കലക്ടർ ആണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തി ഒരു വർഷത്തിലേറെയായിട്ടും ദുരിതബാധിതർക്കു ഒരു ആനുകൂല്യവും ഇതുവരെ കിട്ടിയില്ലെന്നു സമരക്കാർ ആരോപിച്ചിരുന്നു.











