റെക്കോർഡ് കുതിപ്പിനിടയിൽ സ്വർണവിലയിൽ ഇന്ന് ചെറിയ ഇടിവ് . ഇന്നലെ ഒരു പവന് 97,360 രൂപ ഉണ്ടായിരുന്ന സ്വർണ വില ഇന്ന് 1400 രൂപ കുറഞ്ഞ് 95,960 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 11,995 രൂപയിലെത്തി. സ്വർണവില അടുത്ത ദിവസങ്ങളിൽ ഒരു ലക്ഷം കടക്കുമോ എന്ന ആശങ്കകളും അഭ്യൂഹങ്ങളും ഉയരുന്നതിനിടെയാണ് വിലയിൽ ഇന്നുണ്ടായ ഇടിവ്.അതേസമയം ഇന്നലെ രേഖപ്പെടുത്തിയ നിരക്കായ 97,360 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. ഈ മാസം ആദ്യം 87000 രൂപ ഉണ്ടായിരുന്ന സ്വർണത്തിന് വെറും 17 ദിവസം പിന്നിടുമ്പോൾ 10360 രൂപയോളമാണ് വർധിച്ചത്. സ്വർണവിലയിൽ ഉണ്ടായ റെക്കോർഡ് കുതിപ്പാണ് ഇത്. ഓരോ ദിവസവും സ്വര്‍ണവിലയില്‍ രണ്ടും മൂന്നും തവണയാണ് മാറ്റമുണ്ടായികൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ചെറിയ ആശ്വാസം നൽകുന്ന ഇന്നത്തെ നിരക്ക്. വരും ദിവസങ്ങളിൽ സ്വർണവിലയിൽ മുന്നേറ്റം ഉണ്ടാകാൻ തന്നെയാണ് സാധ്യത എന്നാണ് കരുതുന്നത്.സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള വമ്പന്‍ വില വര്‍ധനവ് വലിയ രീതിയില്‍ ബാധിക്കുന്നത്.











