(യുഎസ്എ) ∙ ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരം മൈക്ക് ടൈസന് തോൽവി. യൂട്യൂബറായി തുടങ്ങി പ്രഫഷനൽ ബോക്സറായി മാറിയ ജേക്ക് പോളുമായുള്ള പോരാട്ടത്തിലാണ് മുൻ ഹെവിവെയ്റ്റ് ചാംപ്യൻ മൈക്ക് ടൈസൻ പരാജയപ്പെട്ടത്. മത്സരത്തിന്റെ എട്ടു റൗണ്ടിലും യുവതാരത്തിനെതിരെ പൊരുതിനിന്നെങ്കിലും, പ്രായത്തിന്റേതായ പരാധീനതകൾ പ്രകടനത്തെ ബാധിച്ചതോടെയാണ് മൈക്ക് ടൈസന്റെ തോൽവി. വിധികർത്താക്കൾ ഏകകണ്ഠമായാണ് ജേക്ക് പോളിനെ വിജയിയായി പ്രഖ്യാപിച്ചത്. എൻഎഫ്എൽ ടീം ഡാലസ് കൗബോയ്സിന്റെ ഗ്രൗണ്ടായ എടിആൻഡ്ടി സ്റ്റേഡിയത്തിലായിരുന്നു ബോക്സിങ് ലോകം കാത്തിരുന്ന പോരാട്ടം. ജൂലൈ 20ന് നടക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്ന ഇടിവെട്ട് പോരാട്ടം, മൈക്ക് ടൈസന് ഉദരരോഗം വന്നതിനെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു.പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനത്തോടെ മൈക്ക് ടൈസന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധകർ കാത്തിരുന്നെങ്കിലും, ഒന്നും സംഭവിച്ചില്ല. മൂന്നാം റൗണ്ട് മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തിയാണ് ജേക്ക് പോളിന്റെ വിജയം. എക്കാലത്തെയും മികച്ച ഇതിഹാസ താരമാണ് ടൈസനെന്ന്, മത്സരശേഷം ജേക്ക് പോൾ പ്രതികരിച്ചു. ഇത് തന്റെ അവസാന മത്സരമല്ലെന്ന്, റിങ്ങിലേക്ക് വീണ്ടും തിരിച്ചെത്തുമെന്ന സൂചനകൾ നൽകി ടൈസനും വ്യക്തമാക്കി അൻപത്തിയെട്ടുകാരൻ ടൈസനെക്കാൾ 31 വർഷം ചെറുപ്പമാണ് ജേക്ക് പോൾ. 6 വർഷം മുൻപു പ്രഫഷനൽ ബോക്സിങ്ങിലേക്കു വന്ന പോളിന്റെ ആദ്യത്തെ ഹെവിവെയ്റ്റ് മത്സരമാണിത്. 2005ൽ ബോക്സിങ് റിങ്ങിൽനിന്നു വിരമിച്ച ടൈസൻ നാലുവർഷം മുൻപാണ് അവസാനമായൊരു പ്രദർശന മത്സരത്തിനിറങ്ങിയത്. റോയ് ജോൺസ് ജൂനിയറുമായി നടന്ന ആ മത്സരത്തിന് ഒപ്പം നടന്ന മറ്റൊരു പ്രദർശന മത്സരത്തിൽ ജേക്ക് പോളും പങ്കെടുത്തിരുന്നു.ടൈസന്റെ ആരോഗ്യനില പരിശോധിച്ച ഡോക്ടർമാർ പൂർണ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയെങ്കിലും, ഇത്തരമൊരു പോരാട്ടത്തിനു വേദിയാകാൻ യുഎസിലെ ടെക്സസ് ഒഴികെയുള്ള സംസ്ഥാനങ്ങളൊന്നും അംഗീകാരം നൽകിയിരുന്നില്ല.