അന്തരിച്ച മുൻ എംഎൽഎയും സി പി ഐ എം നേതാവുമായ ബാബു എം പാലിശ്ശേരിക്ക് വിട നൽകാൻ ഒരുങ്ങി നാട്. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കടവല്ലൂർ കൊരട്ടിക്കരയിലെ വീട്ടുവളപ്പിൽ നടക്കും.
പാർക്കിൻസൺസ് രോഗം ബാധിച്ച് ഏറെനാളായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ബാബു എം പാലിശ്ശേരിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം. പൊതു ദർശനത്തിനായി കുന്നംകുളം ഏരിയ കമ്മറ്റി ഓഫീസിൽ എത്തിച്ച മൃതദേഹത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ തുടങ്ങിയ നേതാക്കൾ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു
2006- മുതൽ തുടർച്ചയായി രണ്ടു തവണ ബാബു എം പാലിശ്ശേരി കുന്നംകുളം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിഐഎം തൃശൂർ ജില്ല സെക്രട്ടറിയറ്റംഗം, കുന്നംകുളം എരിയ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു







