കുന്നംകുളം മുന്‍ എംഎല്‍എയും സിപിഐ എം നേതാവുമായ ബാബു എം പാലിശ്ശേരിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ബാബു എം പാലിശ്ശേരി തൃശ്ശൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നല്‍കിയ സംഭാവന വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡിവൈഎഫ്‌ഐയിലൂടെ പൊതു രംഗത്ത് വന്ന അദ്ദേഹം സംഘടനയുടെ സംസ്ഥാന ഭാരവാഹികളില്‍ ഒരാളായും ശ്രദ്ധേയമായ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സമരമുഖങ്ങളില്‍ ശക്തമായ നേതൃത്വം, സാംസ്‌കാരിക പരിപാടികളില്‍ സജീവസാന്നിധ്യം, ട്രേഡ് യൂണിയന്‍ സംഘാടനത്തില്‍ അസാധാരണ മികവ്-ഇങ്ങനെ ഇടപെട്ട എല്ലാ മേഖലകളിലും അദ്ദേഹം സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി.കുന്നംകുളം മണ്ഡലത്തെ രണ്ടുതവണ പ്രതിനിധാനം ചെയ്ത അദ്ദേഹം നിയമസഭയില്‍ ജനങ്ങളുടെ ആകെ ശബ്ദമാണ് ഉയര്‍ത്തിയത്. അദ്ദേഹത്തിന്റെ വേര്‍പാട് വേദനാജനകമാണ്. കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും മുഖ്യമന്ത്രി അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.










