കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിൽ അതൃപ്തി പരസ്യമാക്കി അബിൻ വർക്കി. യൂത്ത് കോൺഗ്രസിലെ എല്ലാ പ്രവർത്തകരും എല്ലാ പദവിക്കും അർഹരാണ്. മതേതരത്വം മുറുകെ പിടിക്കുന്നവരാണ് എല്ലാവരും. ക്രിസ്ത്യാനി ആയത് പ്രശ്നം ആണോ എന്ന് അറിയില്ലെന്നും പാർട്ടി അങ്ങനെ കാണുന്നുണ്ടോ എന്നറിയില്ലെന്നും അബിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പാർട്ടി എന്ത് ആവശ്യപ്പെട്ടിട്ടുണ്ടോ അതുമാത്രമാണ് ചെയ്തത്. പേരിനൊപ്പം കോൺഗ്രസ് എന്നുകൂടി വരുമ്പോഴേ ഒരു മേൽവിലാസം ഉണ്ടാകുകയുള്ളൂവെന്നാണ് കരുതുന്നത്. ആ മേൽവിലാസത്തെ കളങ്കപ്പെടുത്തുന്ന ഒന്നും തന്റെ ഭാഗത്തുനിന്നുണ്ടാകില്ല. പാർട്ടി സമരം ചെയ്യാൻ പറഞ്ഞപ്പോൾ അത് ചെയ്തു, ജയിലിൽ പോകാൻ പറഞ്ഞപ്പോൾ പോയി, കേസ് ഉണ്ടാക്കാൻ പറഞ്ഞപ്പോൾ അതെല്ലാം ചെയ്തു. കേരളത്തിൽ പ്രവർത്തനം തുടരാൻ ആണ് ആഗ്രഹിച്ചിരുന്നത്. നേതാക്കളോട് കേരളത്തിൽ തുടരാൻ അവസരം തരണമെന്ന് അഭ്യർത്ഥിക്കുന്നു.
പാർട്ടി വിവിധ ഘടകങ്ങൾ പരിശോധിച്ച് എടുത്ത തീരുമാനമാണ്. തീരുമാനം വന്നപ്പോൾ തന്നെ കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. കേരളത്തിൽ ഈ സുപ്രധാന സമയത്ത് തുടരാൻ അവസരം ലഭിക്കണമെന്നാണ് ആഗ്രഹം. പിണറായി വിജയനെതിരെ പോരാടാൻ ആണ് താല്പര്യം. പാർട്ടി എടുത്ത തീരുമാനം തെറ്റായി എന്ന് പറയുന്നില്ല. താല്പര്യം പാർട്ടി നേതൃത്വത്തെ അറിയിക്കും. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. കോൺഗ്രസ് എന്ന വികാരം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനമല്ല പ്രശ്നം, ഒരു സ്ഥാനമില്ലെങ്കിലും സാധാരണ യൂത്ത് കോൺഗ്രസ് പ്രവർത്തകനായി അടികൊള്ളാൻ താൻ ഇവിടെയുണ്ടാകും. ഒരു പോസ്റ്റ് കിട്ടിയില്ല എന്നോർത്തോ കിട്ടി എന്നോർത്തോ അമിതമായി ആഹ്ലാദിക്കുകയോ ദുഃഖിക്കുകയോ ചെയ്യില്ല. തന്റെ പാർട്ടി എന്താണോ കൽപ്പിച്ചു തരുന്നത് അത് ഉത്തരവാദിത്തത്തോടുകൂടി ഒരു പ്രവർത്തകൻ എന്ന നിലയിൽ നിറവേറ്റാൻ മാത്രമാണ് ശ്രമിക്കുക. താനൊരു ഉത്തരവാദിത്വപ്പെട്ട പാർട്ടി പ്രവർത്തകനാണ്. പാർട്ടിയോട് അഭ്യർത്ഥിക്കാനുള്ള എല്ലാവിധ അവകാശങ്ങളും തനിക്കുണ്ട്. പാർട്ടിയെ ചലഞ്ച് ചെയ്യുകയല്ല, അഭ്യർത്ഥിക്കുക മാത്രമാണ്. അബിൻ വർക്കി വ്യക്തമാക്കി










