കുളിപ്പിക്കുന്നതിനിടയിൽ ഇടഞ്ഞോടിയ ആന 5 വാഹനങ്ങൾ തകർക്കുകയും ഫർണിച്ചർ സ്ഥാപനത്തിന് നാശമുണ്ടാക്കുകയും ചെയ്തു. പാലാ-തൊടുപുഴ ഹൈവേയിൽ ഐങ്കൊമ്പിൽ ആയിരുന്നു സംഭവം. ആന ഉടമ അഞ്ചാംമൈൽ വേണാട്ടുമറ്റം രാജശേഖരന്റെ വീടിനു സമീപത്തു നിന്നാണ് ആറാംമൈൽ ഭാഗത്തേക്ക് വേണാട്ടുമറ്റം ഗോപാലൻകുട്ടി എന്ന ആന ഇടഞ്ഞോടിയത്. അര കിലോമീറ്ററോളം പ്രധാന റോഡിലൂടെയാണ് ആന ഓടിയത്.
ട്രെൻഡ്‌സ് ഫർണിച്ചർ സ്ഥാപനത്തിന്റെ മുൻ ഭാഗത്തെത്തിയ ആന കണ്ണാടിച്ചില്ലുകൾ തകർത്തു. പിന്നിലെ ഗോഡൗണിലെത്തി ഫർണിച്ചറുകളും ഉപകരണങ്ങളും നശിപ്പിച്ചു. ആനയെ കണ്ട് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന പാപ്പാന്മാർ ആനയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പുരയിടങ്ങളിലേക്ക് കയറിയ ശേഷം അര കിലോമീറ്ററോളം ഓടി.
മനോരമ ഐങ്കൊമ്പ് ഏജന്റ് കരിമരുതുംചാലിൽ റെജിയുടെ പോർച്ചിൽ കിടന്ന രണ്ട് കാറുകൾക്ക് ആന നാശമുണ്ടാക്കി.മനോരമ ഏജന്റ് കരിമരുതും ചാലിൽ ബിജിയുടെ വീടിന്റെ മുൻഭാഗത്തുണ്ടായിരുന്ന മേൽക്കൂരയ്ക്കും നാശമുണ്ടാക്കി.കുന്നുംപുറത്ത് തങ്കച്ചന്റെ കോഴിക്കൂടും തകർത്തു. കരിങ്ങനാതടത്തിൽ സുരേഷ് ഉൾപ്പെടെ നിരവധി പേരുടെ കൃഷിയും നശിപ്പിച്ചു. ഒരു കിലോമീറ്ററോളം സഞ്ചരിച്ച് സമീപത്തെ തോട്ടത്തിലേക്ക് കയറിയ ആനയെ ഏറെനേരം കഴിഞ്ഞാണ് തളച്ചത്









