ചാനൽ ചർച്ചയ്ക്കിടെ രാഹുൽഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവ് പ്രിന്റു മഹാദേവിനായി തിരച്ചിൽ. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ അയനിക്കുന്നത്തിന്റെ വീട്ടിലും സഹോദരൻ ഗോപിയുടെ വീട്ടിലുമാണ് പൊലീസ് പരിശോധന നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചാനൽ ചർച്ചയിലാണ് പ്രിന്റു മഹാദേവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്.രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രസ്താവന. തുടർന്ന് വിഷയത്തിൽ നിയമ നടപടി ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി അഡ്വ. സി.ആർ. പ്രാണകുമാർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പ്രിന്റുവിൻ്റെ പ്രസ്താവന അതീവ ഗൗരവമുള്ളതാണെന്നും വധഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
പരാതിക്ക് പിന്നാലെ പ്രിന്റുവിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പ്രിന്റുവിനെതിരെ നടപടി ടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രിൻ്റു മഹാദേവിനെ അറസ്റ്റ് ചെയ്യാത്തത് ബിജെപിയെ ഭയന്നാണെന്നും സർക്കാർ ചെറുവിരൽ അനക്കുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. നിയമസഭയിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിന്റുവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്.







