മോഹന്‍ലാല്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ദാദാ സാഹേബ് പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ മോഹന്‍ലാലിന്‍റെ നേട്ടത്തില്‍ സന്തോഷവും അഭിമാനവും പങ്കുവെച്ച് നടൻ കമൽ ഹാസൻ. തലമുറകളെ പ്രചോദിപ്പിച്ച കലാകാരൻ ആണ് മോഹൻലാൽ എന്നും തികച്ചും അർഹമായ അംഗീകാരം ആണ് ഇതെന്നും കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.’എന്റെ പ്രിയസുഹൃത്ത് ലാലേട്ടന് ദാദാസാഹേബ് ഫാൽക്കെ അവാർഡ് നൽകി ആദരിച്ചത് കാണുമ്പോൾ സന്തോഷം തോന്നുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ സ്പർശിക്കുകയും തലമുറകൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന ഒരു യഥാർത്ഥ കലാകാരൻ. തികച്ചും അർഹമായ അംഗീകാരം’, കമൽ ഹാസന്റെ വാക്കുകൾ. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.ഇത്തരമൊരു നിമിഷത്തെ കുറിച്ച് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലെന്നും അഭിമാനകരമായ നിമിഷത്തിലാണ് നില്‍ക്കുന്നതെന്നും പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമയ്ക്കുള്ള അംഗീകാരമാണ് തന്‍റെ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എന്റെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ’, മോഹൻലാൽ പറഞ്ഞു. മോഹന്‍ലാലിനെ അഭിനന്ദിച്ച് രാഷ്ട്രപതി സംസാരിച്ചു. അദ്ദേഹത്തിന്‍റെ നാടകമായ കർണഭാരത്തെകുറിച്ച് രാഷ്ട്രപതി പരാമര്‍ശിച്ചു. മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ ജനങ്ങൾ വലിയ സന്തോഷത്തിലാണെന്നും വിവിധ ഭാവങ്ങൾ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.