കുറ്റിപ്പുറം:ഭാരതപ്പുഴയിൽ കാണാതായ പൊന്നാനി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.പൊന്നാനി പളളപ്രറം സ്വദേശി ചാലേരിയിൽ അച്ചുതൻ വൈദ്യൻ (74) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ വൈകുന്നേരം 5.30 ഓടെ തിരുന്നാവായ കൊടക്കൽ ബന്തർ കടവിലാണ് മൃതദേഹം കണ്ടെടുത്തത്.വെളളിയാഴ്ച രാവിലെ 11 മണിമുതൽ ഇയാളെ കാണാതായിരുന്നു.വൈകീട്ടോടെ കുറ്റിപ്പുറം മിനിപമ്പയിൽ അച്ചുതന്റെ ബൈക്കും ചെരിപ്പും കണ്ടെത്തിയതിനെ തുടർന്ന് ഫയർ ഫോഴ്‌സിന്റെയും കുറ്റിപ്പുറം ,പൊന്നാനി പൊലിസിന്റെയും നേതൃത്വത്തിൽ പുഴയിൽ രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.രാവിലെ മുതൽ വിവിധ ഫയർ ഫോഴ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ തിരച്ചിൽ പുനഃരാരംഭിക്കുകയും ചെയ്തു.മിനിപമ്പയിലും കുറ്റിപ്പുറം പാലം പരിസരപ്രദേശങ്ങളിലും മണിക്കൂറുകൾ നീണ്ട തിരച്ചിൽ നടത്തി.എന്നാൽ വൈകീട്ടോടെ തിരുന്നാവായ ഭാഗത്തുകൂടി പുഴയിലൂടെ മൃതദേഹം ഒലിച്ചുപോകുന്നത് ശ്രദ്ധയിൽപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് മുങ്ങൽ വിദഗ്ധൻ പാറലകത്ത് യാഹുട്ടിയെ വിവരമറിയിക്കുകയും ഇദ്ദേഹം കുറ്റിപ്പുറത്ത് തിരച്ചിൽ നടത്തുകയായിരുന്ന ഫയർ ഫോഴ്‌സ് സംഘത്തെ മൃതദേഹം കണ്ടതായുളള വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് പൊന്നനി,തിരൂർ,മലപ്പുറം യൂണിറ്റുകളിൽ നിന്നുളള ഫയർഫോഴ്‌സ് ,സ്‌ക്യൂബ സംഘം ഡെങ്കി ബോട്ടിൽ കുതിച്ചെത്തി തിരുന്നാവായ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബന്തർകടവിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.പൊന്നാന്നി ഫയർ ഫോഴ്‌സ് സ്റ്റേഷൻ ഓഫിസർ സുനിൽ,അസി.സ്റ്റേഷൻ ഓഫിസർ ഉണ്ണികൃഷ്ണൻ, ഗിരീഷ്, സന്ദീപ്,മുഹമ്മദ് ഷിബിൻ, അഭിലാഷ് , മനോജ്കുമാർ എന്നിലരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. തിരൂർ പൊലിസ് ഇൻക്വസ്റ്റ നടത്തുന്ന മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ :സാവിത്രി. മക്കൾ : വിനോദ്കുമാർ,വിനീത, ശ്രീവിദ്യ.









