തൃപ്രയാർ: ബാങ്കിന്റെ വ്യാജ മൊബൈൽ ആപ്പ് ഉപയോഗിച്ച് തൃപ്രയാറിലെ ഡ്രൈവിങ് സ്‌കൂൾ ഉടമയുടെ നാലുലക്ഷം രൂപ കവർന്നു. തൃപ്രയാർ ലൈറ്റ് ഡ്രൈവിങ് സ്‌കൂൾ ഉടമ പെരിങ്ങോട്ടുകര സ്വദേശി പ്രദീപിനാണ് പണം നഷ്ടമായത്. മൊബൈൽ ഫോണിൽ ബാങ്കിന്റെ ആപ്പ് മുഖേന ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കാനായി ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് നടന്നത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷമായിരുന്നു സംഭവം. ബാങ്കിന്റെ യഥാർഥ ആപ്പിന് പകരം ഫോണിൽ കടന്നുകൂടിയ വ്യാജ ആപ്പാണ് ഇദ്ദേഹം തുറന്നത്. എട്ടുതവണയായി നാലുലക്ഷത്തി മൂവായിരത്തോളം രൂപ നഷ്ടപ്പെട്ടു. ബാലൻസ് പരിശോധിക്കാനുള്ള ശ്രമത്തിനിടെ ഫോൺ ഹാക്ക് ചെയ്ത് തട്ടിപ്പ് നടന്നുവെന്നാണ് സംശയിക്കുന്നത്.ഒടിപി ഉൾപ്പെടെ പങ്കുവയ്ക്കാനുള്ള നിർദേശം അനുസരിച്ചതാണ് വിനയായത്. ആദ്യതവണ പണം നഷ്ടപ്പെട്ട ഉടനെ ബാങ്കിൽനിന്ന് ഇവർക്ക് അറിയിപ്പ് വന്നു.ഉടൻ ബാങ്കിലെത്തി അക്കൗണ്ട് മരവിപ്പിക്കുന്നതിനുമുൻപായി നാലുലക്ഷത്തിൽ താഴെയുള്ള തുക നഷ്ടപ്പെട്ടു. അക്കൗണ്ട് മരവിപ്പിച്ചശേഷവും 25,000 രൂപ നഷ്ടപ്പെട്ടതായി പ്രദീപ് പറഞ്ഞു.എടിഎം കാർഡ്, ബാങ്ക് ട്രാൻസ്‌ഫർ എന്നിവ വഴിയാണ് മോഷ്ടാക്കൾ പണം പിൻവലിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പണം നഷ്ടപ്പെട്ടതിനുശേഷവും വിവിധ നമ്പറുകളിൽനിന്നും ഫോൺവിളികൾ വഴിയും വാട്‌സ്ആപ്പ് സന്ദേശങ്ങൾ വഴിയും നിരന്തരം മോഷ്ടാക്കൾ ബന്ധപ്പെട്ടതായി പറയുന്നു.ബാങ്കിന്റെ പ്രതിനിധി എന്ന വ്യാജേനെയാണ് ഇവർ വിളിച്ചിരുന്നത്. നഷ്ടപ്പെട്ട തുക തിരിച്ച് അയയ്ക്കാമെന്നും അതിന്റെ ടാക്സ് ഇനത്തിൽ കുറച്ച് തുകകൂടി അയയ്ക്കണമെന്നും പറഞ്ഞു. ഫോൺ വിളിച്ചതിൽ ഒരു മലയാളിയും ഉള്ളതായി ഇദ്ദേഹം പറഞ്ഞു. ത്ധാർഖണ്ഡിൽനിന്നാണ് തട്ടിപ്പ് നടന്നതെന്നാണ് പോലീസ് നൽകുന്ന പ്രാഥമികവിവരം. പോലീസ് സൈബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.









