‘ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷനേതാവ് പുറത്തുവിടാനിരിക്കുന്ന ഹൈഡ്രജൻ ബോംബ് എന്തായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു രാഷ്ട്രീയകേന്ദ്രങ്ങള്‍. എന്നാല്‍ തുടക്കത്തില്‍ തന്നെ ഹൈഡ്രജന്‍ ബോംബല്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ കടുപ്പിച്ചു. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തെ ഉദാഹരിച്ചാണ് ലോക്‌സഭാ പ്രതിപക്ഷനേതാവ് ഇക്കുറി ആരോപണമുന്നയിച്ചത്. മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉള്ളിൽ നിന്ന് ഞങ്ങൾക്ക് സഹായം ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്നും.കോൺഗ്രസ് പാർട്ടിക്ക് ജയസാധ്യതയുള്ള ബൂത്തുകളെയാണ് ഈ വോട്ടർപ്പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ലക്ഷ്യം വെച്ചതെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, ‘ഗോദാബായ്’ എന്ന സ്ത്രീയുടെ ഉദാഹരണം ചൂണ്ടിക്കാണിച്ചു. ഗോദാബായിയുടെ പേരിൽ ആരോ വ്യാജ ലോഗിനുകൾ ഉണ്ടാക്കി 12 വോട്ടർമാരെ നീക്കം ചെയ്യാൻ ശ്രമിച്ചുവെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. “ഗോദാബായിക്ക് ഇതേക്കുറിച്ച് യാതൊരു അറിവുമില്ല,” രാഹുൽ ഗാന്ധി പറഞ്ഞു.വോട്ടർമാരെ നീക്കം ചെയ്യാൻ ഉപയോഗിച്ച സെൽഫോൺ നമ്പറുകൾ പങ്കുവെച്ച രാഹുൽ ഗാന്ധി, അവ കർണാടകയിൽ നിന്നുള്ളതല്ലെന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളതാണെന്നും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സ്ലൈഡുകൾ പിന്നിലെ സ്ക്രീനിൽ പ്രദർശിപ്പിച്ചാണ് രാഹുൽ ഇക്കാര്യങ്ങൾ പറഞ്ഞത്. “ചോദ്യം ഇതാണ്, ഇവ ആരുടെ നമ്പറുകളാണ്, എങ്ങനെയാണ് ഇവ പ്രവർത്തിപ്പിച്ചത്, ആരാണ് ഒടിപികൾ ഉണ്ടാക്കിയത്?- രാഹുൽ ഗാന്ധി ചോദിച്ചു.സൂര്യകാന്ത് എന്നയാൾ 14 മിനിറ്റിനുള്ളിൽ 12 വോട്ടർമാരെ നീക്കം ചെയ്തതായും അദ്ദേഹം നീക്കം ചെയ്തതായി പറയപ്പെടുന്ന വോട്ടർമാരിൽ ഒരാളാണ് ബബിത ചൗധരിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പിന്നാലെ സൂര്യകാന്തിനെയും ബബിത ചൗധരിയെയും വേദിയിലേക്ക് ക്ഷണിച്ചു.നാഗരാജ് എന്ന വ്യക്തിയുടെ മറ്റൊരു ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. പുലർച്ചെ 4:07-ന് 38 സെക്കൻഡിനുള്ളിൽ രണ്ട് ഫോമുകൾ പൂരിപ്പിച്ചത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഇത് മനുഷ്യസാധ്യമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഈ ഫോമുകൾ പൂരിപ്പിച്ച് നോക്കൂ, നിങ്ങൾക്ക് എത്ര സമയമെടുക്കുമെന്ന് കാണാം. ഇന്ത്യയിലെ യുവജനങ്ങളോട് ഞാൻ ചോദിക്കുന്നു, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങൾക്ക് ലഭിക്കും.- രാഹുൽ ഗാന്ധി പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉള്ളിൽ നിന്ന് ഞങ്ങൾക്ക് സഹായം ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്നും ലോക്‌സഭാ പ്രതിപക്ഷനേതാവ് വെളിപ്പെടുത്തി. ഉള്ളിൽ നിന്ന് വിവരങ്ങൾ വരുന്നു. ഇത് നിർത്താനാവില്ല, നിർത്താൻ കഴിയുകയുമില്ല. രാജ്യത്തെ ജനങ്ങൾ ഇത് അനുവദിക്കില്ല. വോട്ട് ചോരി എന്താണെന്ന് ജനങ്ങൾ അറിഞ്ഞുകഴിഞ്ഞാൽ, അവർ അതിന് അനുവദിക്കില്ല.- രാഹുൽ ഗാന്ധി പറഞ്ഞു.











