ചാലിശ്ശേരി ഗ്രാമത്തിൽ കായിക രംഗത്ത് പ്രശസ്തമായ ജി.സി.സി. ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ജീവിത പോരാട്ടത്തിൽ തളരുന്നവർക്ക് കരുണയുടെ ചികിൽസാ സഹായം നൽകിയത്.ക്ലബ്ബ് ഹൗസിൽ നടന്ന ചടങ്ങിൽ പി.കെ. ജിജു എറണാകുളം ചികിൽസ സഹായത്തിൻ്റെ
വിതരണോൽഘാടനം നിർവ്വഹിച്ചു.ഗ്രാമത്തിലെ ആദ്യകാല ഗോൾകീപ്പറായിരുന്ന പുലിക്കോട്ടിൽ കോക്കൂർ കുഞ്ഞൻ്റെ സ്മരണാർത്ഥം മകൻ പി.കെ ജിജു എറണാകുളമാണ് ദൈവമാതാവിൻ്റെ ജനനപെരുന്നാളിൻ്റെ ഭാഗമായി ചികിൽസ സഹായ പദ്ധതിയുമായി മുന്നോട്ട് വന്നത്.ചികിത്സാഭാരങ്ങൾ വഹിക്കാനാകാതെ വഴിമുട്ടുന്നവർക്ക് കരുത്താകാൻ പഞ്ചായത്തിലെ 15 വാർഡുകളിൽ നിന്ന് രോഗചികിത്സയ്ക്കും മരുന്നിനും സാമ്പത്തിക സഹായം ആവശ്യമുള്ളവരെ കണ്ടെത്തിയാണ് പ്രതീക്ഷയുടെ വെളിച്ചമായി സഹായ ഹസ്തം നൽകിയത്.എല്ലാ വർഷവും സെപ്തംബർ 7-ാം തീയതി സഹായപദ്ധതി തുടരുമെന്നും,
കളിയുടെ വേദിയായി തുടങ്ങിയ ജി.സി.സി. ഇന്ന് ഗ്രാമത്തിൽ കരുണയുടെ വിളക്കായിത്തീർന്നിരിക്കുന്നതായി ജിജു എറണാകുളം പറഞ്ഞു.ചടങ്ങിൽ ക്ലബ്ബ് വൈസ് പ്രസിഡൻറ് സി.വി. മണികണ്ഠൻ അധ്യക്ഷനായി.എം.ബി.ബി.എസ്. പഠനത്തിന് പ്രവേശനം നേടിയ ക്ലബ്ബ് അംഗത്തിൻ്റെ മകൾ ഫാത്തിമ ഹമീദിന് മെമ്പർ ആനി വിനു ഉപഹാരം നൽകി അനുമോദിച്ചു.രക്ഷാധികാരി കെ .ബാബു നാസർ , ആദ്യകാല കളിക്കാരൻ തമ്പി അരിമ്പൂർ ,കെ.എ പ്രയാൺ , നൗഷാദ് മുക്കൂട്ട, ട്രഷറർ എ.എ. ഇക്ബാൽ , എ.സി ജോൺസൺ എന്നിവർ സംസാരിച്ചു.സെക്രട്ടറി ജിജു ജേക്കബ് സ്വാഗതവും, ജോയിൻറ് സെക്രട്ടറി ബാബു പി. ജോർജ് നന്ദിയും അറിയിച്ചു.മനുഷ്യ സ്പർശം നിറഞ്ഞ ധനസഹായ പ്രവർത്തനങ്ങൾ ഗ്രാമത്തിന്റെ സാമൂഹിക-സാംസ്കാരിക ജീവിതത്തിന് പുതു ചൈതന്യമായി.