മുണ്ടക്കയം (കോട്ടയം)∙ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരുക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കരിനിലം കുഴിപ്പറമ്പിൽ പ്രദീപ് (48) ആണ് ജീവനൊടുക്കിയത്. ഭാര്യ ചേരിത്തോട്ടത്തിൽ സൗമ്യ (33), ഭാര്യാ മാതാവ് ബീന നന്ദൻ (65) എന്നിവർക്ക് പ്രദീപിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പുഞ്ചവയൽ ടൗണിന് സമീപമാണ് സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇന്നു പൊലീസ് സ്റ്റേഷനിൽ ഇരു കൂട്ടരും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷം സൗമ്യയും ബീന നന്ദനും വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപം എത്തി പ്രദീപ് ഇവരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പ്രദീപ് സ്ഥലത്തുനിന്നു രക്ഷപ്പെട്ടിരുന്നു.
ഇരുവരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. നാട്ടുകാർ ചേർന്ന് ബീനയെയും സൗമ്യയെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്നു മണിയോടെ പ്രദീപിനെ പുഞ്ചവലയിലിന് സമീപമുള്ള തേക്ക് കൂപ്പിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാളുകളായി വിജയവാഡയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു പ്രദീപ്. സൗമ്യയും മക്കളായ പൂജ, പുണ്യ എന്നിവരും പ്രദീപിനൊപ്പം അവിടെയായിരുന്നു താമസം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷം മുൻപ് നാട്ടിൽ സൗമ്യ തിരിച്ചെത്തിയിരുന്നു







