ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.കെ.രത്നകുമാരി അധികാരമേറ്റു. ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായിരുന്നു. എഡിഎം നവീൻബാബു ജീവനൊടുക്കിയ കേസിൽ പ്രതിയായ പി.പി.ദിവ്യയെ മാറ്റിയതിനെ തുടർന്നു നടന്ന തിരഞ്ഞെടുപ്പിലാണു രത്നകുമാരി വിജയിച്ചത്. പി.പി.ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല. യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസിലെ ജൂബിലി ചാക്കോയെയാണു രത്നകുമാരി തോൽപ്പിച്ചത്.
അതേസമയം, തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ തുടക്കത്തിൽ മാധ്യമങ്ങൾക്ക് ജില്ലാ കലക്ടർ വിലക്കേർപ്പെടുത്തി. മാധ്യമങ്ങളെ ജില്ലാ പഞ്ചായത്തിലേക്ക് കടത്തിവിട്ടില്ല. വരണാധികാരി കൂടിയായ കല്കടർ അരുൺ കെ.വിജയൻ ഇതുസംബന്ധിച്ച് പൊലീസിന് രേഖാമൂലം നിർദേശം നൽകിയിരുന്നു. എന്നാൽ പിന്നീട് കലക്ടർ നിലപാട് മയപ്പെടുത്തി.