ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. പെണ്‍കുട്ടികളെ പിന്തുടര്‍ന്നു ശല്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കേസെടുത്തത്. രാഹുലിനെതിരെ നിയമപ്രകാരമുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടി
ആരോപണം ഉന്നയിച്ച സ്ത്രീകളില്‍നിന്നു നേരിട്ടു പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചിരുന്നത്. ഇതു സംബന്ധിച്ച് ലഭിച്ച നിയമോപദേശങ്ങളെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി ആലോചിച്ചതിനു ശേഷമാണ് നിയമനടപടിയിലേക്കു കടക്കാമെന്ന തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് രാഹുലിന് എതിരെ ആരോപണം ഉയര്‍ന്നിരുന്നത്. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്നത് ഉള്‍പ്പെടെയുള്ള ശബ്ദസന്ദേശവും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തില്‍ സൈബര്‍ വിഭാഗം കേസെടുക്കാനാണ് സാധ്യത.







