ബജാജ് അലയന്‍സ് ഇന്‍ഷുറന്‍സിന്റെ ഉപഭോക്താക്കള്‍ക്കുള്ള പണരഹിത ചികിത്സാ സൗകര്യങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ നിര്‍ത്തിവയ്ക്കാന്‍ നീക്കവുമായി അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യ. എഎച്ച്പിഐ ഉത്തരേന്ത്യയിലുട നീളമുള്ള ആശുപത്രികളോട് നിര്‍ദ്ദേശിച്ചതായി പത്രക്കുറിപ്പ്. മാക്‌സ് ഹെല്‍ത്ത്‌കെയര്‍, മെഡാന്റ എന്നിവയുള്‍പ്പെടെ 15,000-ത്തിലധികം ആശുപത്രികള്‍ ഇപ്പോള്‍ ബജാജ് അലയന്‍സിന്റെ പണരഹിത ചികിത്സ നിര്‍ത്തലാക്കിയെന്നാണ് റിപ്പോര്‍ട്ട്.വര്‍ദ്ധിച്ചുവരുന്ന മെഡിക്കല്‍ ചെലവുകള്‍ക്ക് അനുസൃതമായി റീഇംബേഴ്സ്മെന്റ് നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ ബജാജ് ഇന്‍ഷുറന്‍സ് വിസമ്മതിക്കുകയും, കാലഹരണപ്പെട്ട കരാറുകള്‍ പ്രകാരം വര്‍ഷങ്ങള്‍ക്ക് മുമ്പ് സമ്മതിച്ച താരിഫുകള്‍ കുറയ്ക്കാന്‍ ദാതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതായി ആശുപത്രികള്‍ ആവര്‍ത്തിച്ച് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.പേയ്‌മെന്റുകള്‍ വൈകുന്നത്, ഡിസ്ചാര്‍ജുകള്‍ക്കുള്ള ദൈര്‍ഘ്യമേറിയ പ്രക്രിയ തുടങ്ങിയ കാരണങ്ങളൊക്കെയാണ് ആശുപത്രികള്‍ ചൂണ്ടിക്കാണിക്കുന്നത്. ‘ഇന്ത്യയിലെ മെഡിക്കല്‍ പണപ്പെരുപ്പം പ്രതിവര്‍ഷം 7-8% വരെ ഉയരുന്നതായാണ് കണക്കുകള്‍. കാലഹരണപ്പെട്ട നിരക്കില്‍ ചികിത്സ തുടരുന്നത് സുസ്ഥിരമല്ല, രണ്ട് വര്‍ഷം കൂടുമ്പോള്‍ താരിഫ് അവലോകനങ്ങള്‍ക്കായി ഞങ്ങള്‍ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ബജാജ് അലയന്‍സ് ന്യായമായ പരിഷ്‌കാരങ്ങള്‍ നിരസിക്കുകയും കൂടുതല്‍ കുറവുകള്‍ ആവശ്യപ്പെടുകയുമാണ് ചെയ്തത്’- എഎച്ച്പിഐ ഡയറക്ടര്‍ ജനറല്‍ ഗിര്‍ധര്‍ ഗ്യാനി പറഞ്ഞു. ബജാജ് അലയന്‍സ് പോളിസി ഉടമകള്‍ക്ക് ആശുപത്രികള്‍ തുടര്‍ന്നും ചികിത്സ നല്‍കുമെന്നും എന്നാല്‍ ചികിത്സാ പണം രോഗികളോട് നേരിട്ട് വാങ്ങിക്കുകയും. രോഗികള്‍ ഇന്‍ഷുററില്‍ നിന്ന് പണം തിരികെ വാങ്ങിക്കണമെന്നും എഎച്ച്പിഐ വ്യക്തമാക്കി.തങ്ങളുടെ ഭാഗത്തുനിന്നുള്ള കുടിശ്ശികകള്‍ പരിഹരിക്കുന്നതിന് എല്ലാ ആശുപത്രികളുമായും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബജാജ് അലയന്‍സ് പറഞ്ഞു. ‘ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഒരു പരിഹാരത്തിലെത്താന്‍ AHPI-യുമായും അതിന്റെ മെമ്പറായിട്ടുള്ള ആശുപത്രികളുമായും സൗഹാര്‍ദ്ദപരമായി പ്രവര്‍ത്തിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.











