തിരുവനന്തപുരം : വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള മോട്ടോര്‍ വാഹങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ ഫീസ് കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചെങ്കിലും കേരളത്തില്‍ ആശയക്കുഴപ്പം. അധിക നികുതി നിരക്കുമായി ബന്ധപ്പെട്ട് 2022 മുതല്‍ കേരള ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലാണ് പുതുക്കിയ നിരക്ക് ഈടാക്കുന്നതില്‍ സംസ്‌ഥാനത്ത് അനിശ്ചിതത്വമുള്ളത്. എന്നാല്‍, നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ചശേഷം വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. 20 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയില്‍നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങളുടേത് 800 രൂപയില്‍നിന്ന് പതിനായിരവുമായാണ് ഉയര്‍ത്തിയത്. ഓട്ടോറിക്ഷയുടേത് 800ല്‍നിന്ന് 5000 രൂപയുമാക്കി. കഴിഞ്ഞ ബജറ്റില്‍ പഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്‌ഥാന സര്‍ക്കാര്‍ ഇരട്ടിയാക്കിയതിനു പുറമേയാണു കേന്ദ്രത്തിന്റെ പ്രഹരം. ചെറുകാറുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഫീസും റോഡ് നികുതിയുമായി 20,000 രൂപയോളം ചെലവിടേണ്ടിവരും. ഇവയുടെ ഹരിതനികുതി 400ല്‍നിന്ന് 600 രൂപയാക്കിയിരുന്നു. ഓട്ടോമാറ്റിക് ടെസ്‌റ്റിങ് കേന്ദ്രങ്ങള്‍ വരുമ്പോൾ അതിനു പ്രത്യേകം ടെസ്‌റ്റിങ് ഫീസും നല്‍കേണ്ടിവരും. അറ്റകുറ്റപ്പണിക്കും പെയിന്റിങ്ങിനും ചെലവിടേണ്ട തുകകൂടി കണക്കാക്കുമ്ബോള്‍ വാഹനത്തിന്റെ വിപണിമൂല്യത്തെക്കാള്‍ ചെലവുവരും. എന്നാല്‍, കേന്ദ്രസര്‍ക്കാരാണ് നിരക്ക് വര്‍ധിപ്പിച്ചതെങ്കിലും നേട്ടം സംസ്‌ഥാന സര്‍ക്കാരിനാണ്. റീ രജിസ്‌ട്രേഷന്റെ തുക സംസ്‌ഥാന ഖജനാവിലേക്കാണെത്തുക. കേന്ദ്രവിജ്‌ഞാപന പ്രകാരം ഓഗസ്‌റ്റ് 20 മുതല്‍ വര്‍ധനയ്‌ക്ക് പ്രാബല്യമുണ്ട്. സംസ്‌ഥാന സര്‍ക്കാരും വര്‍ധന അംഗീകരിച്ചാല്‍ ഈ ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ പുതുക്കിയ വാഹനങ്ങള്‍ പുതുക്കിയ ഫീസ് അടയേ്‌ക്കണ്ടിവരും. വാഹന്‍ സോഫ്‌റ്റ്‌വേറില്‍ വര്‍ധന പ്രാബല്യത്തില്‍വരാത്തതിനാല്‍ സംസ്‌ഥാനത്തെ മിക്ക മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലും വെള്ളിയാഴ്‌ച പഴയവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ തടസപ്പെട്ടു.
15 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ വര്‍ധിപ്പിച്ചിരുന്നു. ഇത് ഹൈക്കോടതി താത്‌കാലികമായി വിലക്കിയതിനാല്‍ നടപ്പായിട്ടില്ല. കേസില്‍ അന്തിമ തീര്‍പ്പാകുന്നതുവരെ പഴയ ഫീസ് അടച്ചാല്‍മതി. ഇരുചക്രവാഹനങ്ങള്‍ക്ക് 500ല്‍നിന്ന് 1000 രൂപയായും ഓട്ടോറിക്ഷകള്‍ക്ക് 800ല്‍ നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങള്‍ക്ക് 800ല്‍നിന്ന് 5000 രൂപയായിട്ടുമായിരുന്നു വര്‍ധന. ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ കോടതിവിധി വന്നാല്‍ ഇതുവരെ രജിസ്‌ട്രേഷന്‍ പുതുക്കിയ വാഹനങ്ങളെല്ലാം അധികതുക അടയേ്‌ക്കണ്ടിവരും. ഇതിനുപുറമേയാണ് 20 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ ഫീസും വര്‍ധിപ്പിച്ചത്.











