മുതിര്‍ന്ന നേതാവ് ഇ.പി ജയരാജന്‍റെ ആത്മകഥയിലെ ഭാഗങ്ങളെന്ന പേരില്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളെ നിഷേധിച്ച് സിപിഎം. ജയരാജന്‍ പറയുന്നത് പാര്‍ട്ടി വിശ്വസിക്കുന്നു. സിപിഎമ്മിനെതിരെ മാധ്യമങ്ങള്‍ നടത്തുന്ന ഗൂഢാലോചനയാണിതെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. നിയമനടപടി സ്വീകരിക്കുമെന്ന് ഇപി പറഞ്ഞതിനാല്‍ പാര്‍ട്ടി വേറെ സ്വീകരിക്കേണ്ടല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപതിരഞ്ഞെടുപ്പില്‍ ഒരു തിരിച്ചടിയും ഉണ്ടാകില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.വിവാദത്തില്‍ ഗൂഢാലോചനയെന്ന് കെ.രാധാകൃഷ്ണനും ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കുന്നതു പോലെയെന്ന് മന്ത്രി വി.എന്‍.വാസവനും തിരഞ്ഞെടുപ്പ് കാലത്തെ സ്ഥിരം അപവാദപ്രചാരണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനും പ്രതികരിച്ചിരുന്നു.ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സ്റ്റണ്ടാണിതെന്നായിരുന്നു സിപിഎം കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിന്‍റെ മറുപടി. ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും, തന്റെ ആത്മകഥയെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ഇ.പി. ജയരാജന്‍ തന്നെ വ്യക്തമാക്കിയതായും പ്രകാശ് കാരാട്ട് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.