റോഡ് പരിപാലനത്തിൽ വീഴ്ച വരുത്തിയതിൽ മലപ്പുറത്തെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.മഞ്ചേരി ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തൽമണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തൽമണ്ണ സെക്‌ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർക്കാണ് സസ്പെൻഷൻ.പൊതു ജനങ്ങളിൽ നിന്നു ലഭിച്ച പരാതികൾ അന്വേഷിക്കാൻ നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയർക്ക് നിർദേശം നൽകിയിരുന്നു. ചീഫ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടികൾ. പൊതുജനങ്ങൾ പരാതി ഉന്നയിച്ചപ്പോൾ ഭരണാനുമതി ലഭിച്ചില്ലെന്ന തെറ്റായ മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്.വിശദമായ അന്വേഷണത്തിന് പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയിലാണ് വീഴ്ച വരുത്തിയത്. പ്രവൃത്തിക്ക് തുക അനുവദിച്ചിട്ടും കൃത്യ സമയത്ത് സാങ്കേതിക അനുമതി നേടി ടെണ്ടറിങ് പ്രക്രിയ ആരംഭിച്ചില്ല. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതി. പരിശോധന ശക്തമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.