തിരുവനന്തപുരം: സ്വര്‍ണ്ണത്തെ വെല്ലുന്ന മുക്കുപണ്ടം സംസ്ഥാന വ്യാപകമായി പണയംവെച്ച് കോടികള്‍ തട്ടിയ സംഘത്തിലെ അഞ്ച് പേര്‍ പിടിയില്‍. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവെച്ചായിരുന്നു തട്ടിപ്പ്. കേസിലെ മുഖ്യപ്രതി അഖില്‍ ക്ലീറ്റസ് കോടികള്‍ ഇതിലൂടെ തട്ടിയെന്നാണ് വിവരം.ആഗസ്റ്റ് 14 നാണ് തട്ടിപ്പ് സംബന്ധിച്ച് പേരൂര്‍ക്കട പൊലീസിന് പരാതി ലഭിച്ചത്. മുക്കുപണ്ടം പണയംവെച്ച് രണ്ടുപേര്‍ പണം തട്ടിയെന്നായിരുന്നു സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ പരാതി. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് വന്‍തട്ടിപ്പിന്റെ വിവരങ്ങളാണ്. സ്വകാര്യസ്ഥാപനത്തിന്റെ പരാതിയില്‍ രണ്ടുപേരെ അന്നുതന്നെ പിടികൂടിയിരുന്നു. പ്രതീഷ് കുമാര്‍, ജിത്തു എന്നിവരെയായിരുന്നു പൊലീസ് പിടികൂടിയത്.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരം പുറത്തുവന്നത്. മുക്കുപണ്ടം പണംവെച്ച് പണം തട്ടുന്ന വലിയ റാക്കറ്റിന്റെ കണ്ണികളാണ് ഇവര്‍. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പണയംവെക്കാനായി ഇവര്‍ക്ക് മുക്കുപണ്ടം കൈമാറിയ പത്തനംതിട്ട സ്വദേശികളെ കൂടി പിടികൂടി. സ്മിജു, സണ്ണി എന്നിവരെയാണ് പിടികൂടിയത്. ഇവരെ നാല് പേരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് സംസ്ഥാന വ്യാപക തട്ടിപ്പാണ് നടന്നതെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഇവരില്‍ നിന്നാണ് മുഖ്യപ്രതിയും സംഘത്തിന്റെ തലവനുമായ അഖില്‍ ക്ലീറ്റസിലേക്ക് അന്വേഷണം എത്തിയത്. വ്യാജ സ്വര്‍ണ്ണം പണയംവെച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ തലവനാണ് അഖില്‍ ക്ലീറ്റസ്.916 ഹോള്‍മാര്‍ക്കോട് കൂടിയ വ്യാജ സ്വര്‍ണ്ണമാണ് ഇവര്‍ പണയംവെക്കുന്നത്. ജ്വല്ലറികളില്‍ പോലും വ്യാജ സ്വര്‍ണ്ണം നല്‍കി കോടികള്‍ അഖില്‍ ക്ലീറ്റസ് തട്ടിയിട്ടുണ്ടെന്നാണ് വിവരം. ഉരച്ചുനോക്കിയാല്‍പോലും വ്യാജനെ തിരിച്ചറിയാന്‍ സാധിക്കില്ല. അഖിലിനെതിരെ ഇതിനകം തട്ടിപ്പ്, മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെയുള്ള കേസുകള്‍ നിലവിലുണ്ട്. കൊല്ലത്ത് കാപ്പ കേസ് നിലവിലുള്ളതിനാല്‍ തൃശ്ശൂര്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ ഓപ്പറേഷന്‍ എന്നാണ് വിവരം. പണയംവെപ്പ് തട്ടിപ്പിലൂടെ കോടികള്‍ തട്ടിയ അഖില്‍ ഈ പണം ഉപയോഗിച്ച് വയനാട്ടില്‍ നിരവധി റിസോര്‍ട്ടുകള്‍ വാങ്ങിയെന്നും വിവരമുണ്ട്.